---
title: "തീവ്ര ചിന്താഗതി...വിമാനം പറത്താന്‍ പണ്ടേ വിലക്കി ഒമാന്‍; മച്ചാറിനെ കുത്തിയ പൈലറ്റിനെ തിരിച്ചറിഞ്ഞു, കോപൈലറ്റിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പുറത്ത് വിട്ട് സിഎൻഎൻ"
english_title: "Report: Pilot Behind Flydubai Attack Had Earlier Been Barred in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385274/flydubai-attack-pilot-oman-ban-report"
published_at: "2026-10-03T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0724135bfd_flydubai-attack-pilot-oman-ban-report.jpg"
keywords: ["Flydubai", "OmanAir", "AviationSecurity", "Terrorism", "CNN"]
---

# തീവ്ര ചിന്താഗതി...വിമാനം പറത്താന്‍ പണ്ടേ വിലക്കി ഒമാന്‍; മച്ചാറിനെ കുത്തിയ പൈലറ്റിനെ തിരിച്ചറിഞ്ഞു, കോപൈലറ്റിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പുറത്ത് വിട്ട് സിഎൻഎൻ

> **Lead Summary:** ദുബായ് : ദുബായ്-ടെൽ അവീവ് ഫ്‌ളൈദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ കോപൈലറ്റിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പുറത്തുവരുന്നു. തീവ്രവാദ നിലപാടുകളുടെ പേരിൽ ഇയാളെ ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിലെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതായി യുഎസ് മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

## Article Content

ദുബായ് : ദുബായ്-ടെൽ അവീവ് ഫ്‌ളൈദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ കോപൈലറ്റിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പുറത്തുവരുന്നു. തീവ്രവാദ നിലപാടുകളുടെ പേരിൽ ഇയാളെ ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിലെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതായി യുഎസ് മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഹമാം അൽ ഹമ്മാമി എന്ന ഒമാനി പൗരനാണ് ആക്രമണം നടത്തിയ പൈലറ്റെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പിതാവ് ഒമാനിയനും മാതാവ് സിറിയക്കാരിയുമാണ്. യുഎഇയിലാണ് ഇയാൾ ജനിച്ചതെന്നുമാണ് വിവരം.

ഹമാം അൽ-ഹമ്മാമി എന്ന പേരിലുള്ള ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം അദ്ദേഹം ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്യുകയും 2025 ഫെബ്രുവരിയിൽ അവിടെനിന്നും പിരിഞ്ഞ് 2025 ജൂണിൽ റോയൽ എയർ മൊറോക്കോയിൽ ചേരുകയും ചെയ്തു. 2026 ജനുവരിയിൽ അവിടെനിന്നും പിരിഞ്ഞതായിട്ടാണ് കാണുന്നത്.

എന്നാൽ ഈ പേജിൽ ഫ്‌ളൈദുബായ് കമ്പനിയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ഫ്‌ളൈദുബായ് സംഭവത്തിൽ ഉൾപ്പെട്ട പൈലറ്റിന്റേത് തന്നെയാണ് ഈ പ്രൊഫൈലെന്ന് വിവിധ വൃത്തങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചതായും സിഎൻഎൻ പറയുന്നു. ഈ പ്രൊഫൈൽ പിന്നീട് ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തീവ്രവാദ നിലപാടുകളിലുള്ള ആശങ്കകൾ കാരണം ഹമാം അൽ ഹമ്മാമിയെ ഫ്‌ളൈറ്റ് ട്രെയിനിംഗിൽ നിന്ന് ഒഴിവാക്കി മറ്റൊരു ചുമതല നൽകിയിരുന്നു എന്നുമാണ് യുഎസ് മാധ്യമങ്ങൾ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് പറയുന്നത്. ഇയാളുടെ പക്കൽനിന്ന് തീവ്രവാദ സ്വഭാവമുള്ള വസ്തുക്കൾ കണ്ടെത്തിയിരുന്നതായും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇക്കാര്യത്തിൽ ഫ്‌ളൈദുബായ് പ്രതികരണം നടത്തിയിട്ടില്ല.

ഫ്‌ളൈദുബായിൽ എട്ടു മാസം മാത്രമാണ് ഹമാം ജോലി ചെയ്തിരുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഫ്‌ളൈദുബായ് വിമാനം ഇസ്രയേലിൽ തകർക്കാൻ ഇയാൾ പദ്ധതിയുണ്ടായിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 9/11 മാതൃകയിൽ ഇടിച്ചിറക്കാനാണ് പദ്ധതിയിട്ടിരുന്നത്.

വിമാന ആക്രമണത്തിന് നാല് മണിക്കൂറുകൾക്ക് ശേഷം ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഒസാമ ബിൻ ലാദൻ അടക്കമുള്ള കൊടും ക്രിമിനലുകളുടെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇത് മുൻകൂട്ടി സെറ്റ് ചെയ്തതാണെന്നാണ് വിവരം.

ഫ്‌ളൈദുബായ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിലുണ്ടായത് ഗുരുതരമായ ഭീകരപ്രവർത്തനമെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത്ത് മച്ചാറിനെ ഗർഗാഷ് പ്രശംസിച്ചു.

CNN reports that the co-pilot involved in the attack on a Flydubai flight has been identified as Hamam Al-Hammami, an Omani national. The report says he had previously been sidelined from Oman Air over extremist concerns and later worked briefly with Flydubai before the incident.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385274/flydubai-attack-pilot-oman-ban-report)