---
title: "വെറും മൂന്ന് സെക്കൻഡ് ശബ്ദം മതി, എഐ വോയ്‌സ് കോളിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി ദുബായ് പോലീസ്"
english_title: "AI Voice-Call Scams: Dubai Police Warn Just 3 Seconds of Audio Is Enough"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385440/ai-voice-call-scams-dubai-police-warning"
published_at: "2026-10-04T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1d1c269cd2_ai-voice-call-scams-dubai-police-warning.jpg"
keywords: ["AIScams", "VoiceCloning", "DubaiPolice", "CyberFraud", "TwoFactorAuth"]
---

# വെറും മൂന്ന് സെക്കൻഡ് ശബ്ദം മതി, എഐ വോയ്‌സ് കോളിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി ദുബായ് പോലീസ്

> **Lead Summary:** **ദുബായ്: **കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ അതിവേഗ വികാസം സൈബർ കുറ്റകൃത്യങ്ങളിൽ വലിയ വർധനവുണ്ടാക്കുന്നതായി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. പോലീസിന്റെ ഫ്യൂച്ചർ ഫോറെസൈറ്റ് സെന്റർ തയാറാക്കിയ പുതിയ പഠന റിപ്പോർട്ടിലാണ് എഐ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണ മാസ ആചരണത്തോടും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രചാരണത്തോടും അനുബന്ധിച്ച് 'നിർമിതബുദ്ധി കാലത്തെ ഭാവി തട്ടിപ്പുകളും കുറ്റകൃത്യങ്ങളുടെ മാറ്റങ്ങളും' എന്ന വിഷയത്തിലാണ് പഠനം പുറത്തുവിട്ടത്.

## Article Content

**ദുബായ്: **കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ അതിവേഗ വികാസം സൈബർ കുറ്റകൃത്യങ്ങളിൽ വലിയ വർധനവുണ്ടാക്കുന്നതായി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. പോലീസിന്റെ ഫ്യൂച്ചർ ഫോറെസൈറ്റ് സെന്റർ തയാറാക്കിയ പുതിയ പഠന റിപ്പോർട്ടിലാണ് എഐ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണ മാസ ആചരണത്തോടും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രചാരണത്തോടും അനുബന്ധിച്ച് 'നിർമിതബുദ്ധി കാലത്തെ ഭാവി തട്ടിപ്പുകളും കുറ്റകൃത്യങ്ങളുടെ മാറ്റങ്ങളും' എന്ന വിഷയത്തിലാണ് പഠനം പുറത്തുവിട്ടത്.

ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തെറ്റുകളില്ലാത്ത വ്യാജ ഇമെയിലുകളും സന്ദേശങ്ങളും നിർമിച്ചാണ് തട്ടിപ്പുകാർ പ്രധാനമായും ആളുകളെ വഞ്ചിക്കുന്നത്. മുൻകാലങ്ങളിൽ വ്യാകരണത്തിലെയോ ഭാഷയിലെയോ പിഴവുകൾ കാരണം ഇത്തരം മെസേജുകൾ എളുപ്പത്തിൽ തിരിച്ചറിയാമായിരുന്നു. എന്നാൽ നിലവിലെ എഐ സന്ദേശങ്ങൾ തികച്ചും സ്വാഭാവികവും ഔദ്യോഗികവുമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് തയാറാക്കപ്പെടുന്നത്.

ശബ്ദം അനുകരിക്കുന്ന വോയ്‌സ് കോളിംഗ് സാങ്കേതികവിദ്യയാണ് നിലവിലെ ഏറ്റവും വലിയ ഭീഷണിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വെറും 3 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ശബ്ദരേഖ ലഭിച്ചാൽ, വ്യക്തിയുടെ യഥാർത്ഥ ശബ്ദത്തോട് 85 ശതമാനത്തിലധികം സാമ്യമുള്ള വ്യാജ ശബ്ദം നിർമിക്കാൻ തട്ടിപ്പുകാർക്ക് സാധിക്കും. കമ്പനി മേധാവികളുടെയോ അടുത്ത ബന്ധുക്കളുടെയോ ശബ്ദം അനുകരിച്ച് അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് വ്യാജ കോളുകൾ വരുന്നത്.

എഐ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങളുടെ നിരന്തരമായ ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ഫ്യൂച്ചർ ഫോറെസൈറ്റ് സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹംദാൻ അഹമ്മദ് ഹംദാൻ അൽ ഗാസിയ പറഞ്ഞു. സംശയസ്പദമായ ഇമെയിലുകളുടെയും സന്ദേശങ്ങളുടെയും ഉറവിടം കൃത്യമായി പരിശോധിക്കുക, സോഷ്യൽ മീഡിയ - ബാങ്കിങ് അക്കൗണ്ടുകൾക്ക് ടൂ-ഫാക്ടർ ഓതന്റിക്കേഷൻ (2FA) നിർബന്ധമാക്കുക, അപരിചിതമായ ലിങ്കുകളിൽ വിവരങ്ങൾ നൽകതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പോലീസ് നിർദേശിച്ചു.

**English Summary:**

Dubai Police have warned that AI-powered cyber fraud is rising rapidly, with scammers now using generative AI to craft convincing phishing messages and cloned voices. The report says just a 3-second audio sample can be enough to mimic a person’s voice with high accuracy, prompting advice to verify sources and enable two-factor authentication.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385440/ai-voice-call-scams-dubai-police-warning)