---
title: "കരമാർഗ യാത്ര ഇനി കൂടുതൽ എളുപ്പവും സൗകര്യപ്രദവും; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ജിസിസി റെയിൽ മുന്നോട്ട്, നിർമ്മാണം അതിവേ​ഗം പുരോ​ഗമിക്കുന്നു"
english_title: "GCC Rail Moves Ahead Rapidly Despite West Asian Tensions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385547/gcc-rail-project-progress-west-asian-tensions"
published_at: "2026-10-05T08:57:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac31ba1739da_gcc-rail-project-progress-west-asian-tensions.jpg"
keywords: ["GCCRail", "RailProject", "GulfTransport", "Infrastructure", "Logistics"]
---

# കരമാർഗ യാത്ര ഇനി കൂടുതൽ എളുപ്പവും സൗകര്യപ്രദവും; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ജിസിസി റെയിൽ മുന്നോട്ട്, നിർമ്മാണം അതിവേ​ഗം പുരോ​ഗമിക്കുന്നു

> **Lead Summary:** പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടയിലും ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബൃഹത്തായ ജിസിസി റെയിൽവേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.

## Article Content

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടയിലും ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബൃഹത്തായ ജിസിസി റെയിൽവേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.

ആറ് ജിസിസി രാജ്യങ്ങളെയും ഒറ്റ റെയിൽ ശൃംഖലയിൽ കോർത്തിണക്കുന്ന ഈ പദ്ധതി 2030-ഓടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കുവൈറ്റിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ വഴി ഒമാനിൽ അവസാനിക്കുന്ന രീതിയിലാണ് 2,177 കിലോമീറ്റർ നീളമുള്ള ഈ പാത ആവിഷ്കരിച്ചിരിക്കുന്നത്.

കുവൈറ്റിൽ നിന്ന് ആരംഭിക്കുന്ന റെയിൽവേ പാത സൗദിയിലെ ദമ്മാമിലേക്കും അവിടെ നിന്ന് ബഹ്‌‌റൈൻ തലസ്ഥാനമായ മനാമയിലേക്കും നീളും. ദമ്മാമിൽ നിന്ന് സൽവ അതിർത്തി വഴി ഖത്തർ തലസ്ഥാനമായ ദോഹയുമായും പാതയെ ബന്ധിപ്പിക്കും.

തുടർന്ന് സൗദിയിൽ നിന്ന് യുഎഇയിലെ അബുദാബി, അൽ ഐൻ വഴി ഒമാനിലെ സൊഹാറിലൂടെ തലസ്ഥാനമായ മസ്‌കത്തിലായിരിക്കും പാത അവസാനിക്കുക. ഏകദേശം 250 ബില്യൺ യുഎസ് ഡോളർ (ഏകദേശം 25,000 കോടി ഡോളർ) നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ഈ വലിയ പദ്ധതി ഗൾഫ് മേഖലയുടെ ഗതാഗത സങ്കൽപ്പങ്ങളെത്തന്നെ മാറ്റിമറിക്കും.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള കരമാർഗ്ഗമുള്ള യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാകും. വിമാനത്താവളങ്ങളിലെ തിരക്കുകളിൽപ്പെടാതെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാമെന്നത് പ്രവാസി മലയാളി സമൂഹം ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും.

ടൂറിസം മേഖലയ്ക്ക് നൽകുന്ന വലിയ ഉണർവിന് പുറമെ വ്യാപാരം, ബിസിനസ്, ലോജിസ്റ്റിക്സ്, കൺസ്ട്രക്ഷൻ, മെയിന്റനൻസ് തുടങ്ങിയ മേഖലകളിൽ ഗൾഫിലുടനീളം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

തുടക്കത്തിൽ തന്നെ 20 കോടി ടൺ ചരക്കുനീക്കം ലക്ഷ്യമിടുന്ന ജിസിസി റെയിൽവേ, അന്തർദേശീയ റോഡുകളിലെ ട്രക്കുകളുടെ തിരക്ക് കുറയ്ക്കാനും കൂടുതൽ വേഗത്തിൽ ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും സഹായിക്കും. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക കൂട്ടായ്മയ്ക്കും വ്യാപാരാഭിവൃദ്ധിക്കും ഈ സ്വപ്നപദ്ധതി വലിയൊരു നാഴികക്കല്ലാകും.

Construction of the GCC Rail project is progressing rapidly despite ongoing tensions in West Asia. The 2,177-km network aims to connect all six Gulf countries by 2030, making land travel and freight movement faster, cheaper, and more convenient.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385547/gcc-rail-project-progress-west-asian-tensions)