---
title: "ഏറെക്കാലമായുള്ള പദ്ധതി....! ക്യാപ്റ്റനെ കൊന്ന് വിമാനം മറ്റൊരു വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കൽ ആയിരുന്നു ലക്ഷ്യം; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്"
english_title: "Co-Pilot Reveals Plot to Kill Captain and Crash Flydubai Plane"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385552/co-pilot-plot-kill-captain-crash-plane"
published_at: "2026-10-05T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3256e80d92_co-pilot-plot-kill-captain-crash-plane.jpg"
keywords: ["Flydubai", "AviationSecurity", "CoPilot", "Dubai", "TelAviv"]
---

# ഏറെക്കാലമായുള്ള പദ്ധതി....! ക്യാപ്റ്റനെ കൊന്ന് വിമാനം മറ്റൊരു വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കൽ ആയിരുന്നു ലക്ഷ്യം; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്

> **Lead Summary:** ദുബായ്: ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി.

## Article Content

ദുബായ്: ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി.

വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ടത് ടെൽ അവീവിലെ വിമാനത്താവളത്തിലാണെന്നും ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കൊലപ്പെടുത്തിയ ശേഷം സാധാരണപോലെ യാത്ര തുടരാനാണ് ഉദ്ദേശിച്ചതെന്നും, വിമാനത്താവളത്തിൽ ലാൻഡിംഗ് അനുമതി നേടിയ ശേഷം മറ്റൊരു വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കലായിരുന്നു ലക്ഷ്യമെന്നും പറഞ്ഞു.

എന്നാൽ, സ്മിത് മച്ചാർ കോക്ക്പിറ്റ് വാതിൽ തുറന്നതോടെ പദ്ധതി പൊളിയുകയായിരുന്നു. ഏറെക്കാലമായുള്ള പദ്ധതിയാണെന്നും ഫ്ലൈദുബായിൽ ജോലി നേടിയത് തന്നെ ഈ ലക്ഷ്യത്തിനായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലൈദുബായ് വിമാനത്തിലുണ്ടായ സംഭവവികാസങ്ങൾ ക്യാപ്റ്റൻ സ്മിത് മച്ചാർ വിശദമായി വിവരിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുന്നതിനിടെയാണ് കോക്ക്പിറ്റിൽ സംഭവിച്ച കാര്യങ്ങൾ സ്മിത് മച്ചാർ വിശദമായി പറഞ്ഞത്.

സാധാരണപോലെയാണ് വിമാനം സർവീസ് ആരംഭിച്ചതെന്നും എന്നാൽ, അല്പസമയത്തിനകം സഹപൈലറ്റ് പ്രാർഥിക്കണമെന്ന് പറഞ്ഞെന്നും സ്മിത് മച്ചാർ പറഞ്ഞു. തുടർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് തനിക്ക് തലയ്ക്ക് പിറകിൽ അടിയേറ്റത്.

കോക്ക്പിറ്റിൽ അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്ന ചെറിയ മഴു ഉപയോഗിച്ചാണ് സഹപൈലറ്റ് ആക്രമണം നടത്തിയതെന്നും സ്മിത് മച്ചാർ വ്യക്തമാക്കി.

അതൊരു സാധാരണ വിമാനയാത്രയായിരുന്നു. വിമാനം പറന്നുയർന്നതിന് പിന്നാലെ സഹപൈലറ്റ് പ്രാർഥിക്കണമെന്ന് പറഞ്ഞു. അത് പലരും ചെയ്യുന്നതാണ്. അതൊരു അസാധാരണ കാര്യവുമല്ല.

അദ്ദേഹം പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ആദരസൂചകമായി ഞാൻ മുന്നിലേക്ക് തന്നെ നോക്കിയിരുന്നു. പിറകിലേക്ക് നോക്കിയില്ല. പക്ഷേ, നാലോ അഞ്ചോ മിനിറ്റിന് ശേഷം പെട്ടെന്നായിരുന്നു അത്. എന്റെ തലയുടെ പിറകിൽ ശക്തമായ അടിയേറ്റു.

വിമാനത്തിന് എന്തോ സംഭവിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാൽ, തുടർച്ചയായി മർദനമേറ്റതോടെ പ്രശ്നം വിമാനത്തിനല്ല, കോക്ക്പിറ്റിൽ എനിക്കൊപ്പമുള്ള വ്യക്തിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഞാൻ അയാളെ തടയാൻ ശ്രമിച്ചു.

പക്ഷേ, ആദ്യത്തെ പ്രഹരത്തിൽ തന്നെ എന്റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. ആ സമയത്ത് വിമാനം താഴേക്ക് പതിക്കുന്നതായി അനുഭവപ്പെട്ടു. ആ സമയത്തെ പലതും ഓർമയില്ല. ഓർമകളെല്ലാം ചിതറിക്കിടക്കുകയാണ്. പക്ഷേ, ഞാൻ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത് ഓർമയുണ്ട്. പക്ഷേ, അയാൾ വാതിൽ വീണ്ടും അടച്ചെന്നാണ് തോന്നുന്നത്.

ഈ സമയം ഞാൻ കോക്ക്പിറ്റിൽ നിലത്തുവീണ് കിടക്കുകയായിരുന്നു. വിമാനം താഴേക്ക് പതിക്കുന്നതും യാത്രക്കാരുടെ നിലവിളികളും ഞാൻ കേട്ടിരുന്നു. പക്ഷേ, അവസാനമായി ഒന്നുകൂടി പോരാടാൻ തീരുമാനിച്ചു.

അത് എനിക്കുവേണ്ടിയാണെന്നോ അല്ലെങ്കിൽ വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് വേണ്ടിയാണെന്നോ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞാൻ മരിച്ചുപോകുമായിരുന്നു. അതോടെ എല്ലാ തടസങ്ങളെയും മറികടന്ന് പോരാടാൻ തീരുമാനിച്ചു.

സർവശക്തിയുമെടുത്ത് കോക്ക്പിറ്റിന്റെ വാതിലിനടുത്തെത്തി. വാതിൽ തുറന്നു. ആ സമയത്ത് ആളുകൾ വാതിലിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവർ അക്രമിയെ തിരിച്ചടിച്ചു. എല്ലാ നിയന്ത്രണങ്ങളും അവർ ഏറ്റെടുത്തു - സ്മിത് മച്ചാർ വിശദീകരിച്ചു.

A Flydubai co-pilot accused of attacking the captain reportedly told investigators that he had planned the assault for a long time and intended to crash the aircraft after killing the pilot. The captain said the attack began shortly after takeoff, but he managed to open the cockpit door and stop the incident from escalating further.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385552/co-pilot-plot-kill-captain-crash-plane)