---
title: "സൗദിയിലെ ഫുട്ബോൾ മൈതാനത്ത് മലയാളി മിടുക്ക്; ഇത്തിഫാഖിന്റെ ഔദ്യോഗിക ടീമിൽ സഹാൻ"
english_title: "Malayali Talent Shines in Saudi Football: Sahan Joins Ettifaq U-10 Team"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385867/malayali-boy-joins-ettifaq-u10-team"
published_at: "2026-10-07T09:06:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5bed551a99_malayali-boy-joins-ettifaq-u10-team.jpg"
keywords: ["SaudiFootball", "EttifaqFC", "MalayaliTalent", "YouthFootball", "KeralaSports"]
---

# സൗദിയിലെ ഫുട്ബോൾ മൈതാനത്ത് മലയാളി മിടുക്ക്; ഇത്തിഫാഖിന്റെ ഔദ്യോഗിക ടീമിൽ സഹാൻ

> **Lead Summary:** ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ഇത്തിഫാഖ് എഫ്.സിയുടെ അണ്ടർ-10 ഔദ്യോഗിക ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി ബാലൻ മുഹമ്മദ് സഹാൻ പൊങ്കിയിൽ. മലപ്പുറം സ്വദേശിയായ സഹാൻ, സെലക്ഷൻ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കളിക്കാരൻ കൂടിയാണ്.

## Article Content

ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ഇത്തിഫാഖ് എഫ്.സിയുടെ അണ്ടർ-10 ഔദ്യോഗിക ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി ബാലൻ മുഹമ്മദ് സഹാൻ പൊങ്കിയിൽ. മലപ്പുറം സ്വദേശിയായ സഹാൻ, സെലക്ഷൻ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കളിക്കാരൻ കൂടിയാണ്.

ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷനിൽ പ്ലേമേക്കർ റോളിൽ കളിക്കാൻ ഇഷ്ടപ്പെടുന്ന സഹാന്റെ പ്രിയതാരം അർജന്റീനയുടെ ലയണൽ മെസ്സിയാണ്. കഴിഞ്ഞ നവംബറിൽ ആരംഭിച്ച ട്രയൽസിലൂടെയാണ് ഘട്ടംഘട്ടമായി സെലക്ഷൻ നടന്നത്. തുടർന്ന് നിശ്ചിത കാലയളവിൽ ടീമിനൊപ്പമുള്ള പ്രകടനം വിലയിരുത്തിയ ശേഷമാണ് ക്ലബ്ബ് അധികൃതർ സഹാന്റെ സെലക്ഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

പിതാവിനൊപ്പം ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ടൂർണമെന്റുകൾ കാണാനെത്തിയതോടെയാണ് സഹാന്റെ ഫുട്ബോൾ യാത്രയ്ക്ക് തുടക്കമായത്.

മുതിർന്നവരുടെ മത്സരങ്ങൾ നടക്കുമ്പോൾ മൈതാനത്തിന്റെ അരികിൽ ഒറ്റയ്ക്ക് പന്തുതട്ടുന്ന സഹാനെ ശ്രദ്ധിച്ച ഒരു സൗദി ക്ലബ്ബിന്റെ പരിശീലകനാണ് ആദ്യം അവനിലെ ഫുട്ബോൾ പ്രതിഭ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ പരിശീലനത്തിൽ കുറച്ചുകാലം അഭ്യസിച്ച ശേഷം രണ്ട് വർഷം മുമ്പ് മലയാളികളുടെ നേതൃത്വത്തിലുള്ള ‘ഗ്രാസ് റൂട്ട്’ അക്കാദമിയിൽ ചേർന്നു.

ഏഴാം വയസ്സിൽ അക്കാദമിക്കൊപ്പം അണ്ടർ-10 ഇന്റേണൽ ടൂർണമെന്റിൽ കളിച്ച സഹാൻ 10 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. പിന്നീട് പിതാവ് അഫ്സൽ സഹാനെ ഇത്തിഫാഖ് അക്കാദമിയിൽ ചേർത്തു. അവിടത്തെ പരിശീലനത്തിനിടെയാണ് ഇത്തിഫാഖ് അക്കാദമി എലൈറ്റ് ടീം കോച്ചിന്റെ ശ്രദ്ധയിൽ സഹാൻപ്പെടുന്നത്. തുടർന്ന് ലോകോത്തര പരിശീലകരുടെ കീഴിൽ മികച്ച പരിശീലനം നേടാനുള്ള അവസരവും ലഭിച്ചു.

ഇത്തിഫാഖ് പോലൊരു വലിയ ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സഹാൻ പറഞ്ഞു. മകന്റെ കഠിനാധ്വാനത്തിലും നേട്ടത്തിലും അഭിമാനമുണ്ടെന്ന് പിതാവ് അഫ്സലും മാതാവ് സഹ്ലയും പറഞ്ഞു.

ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ചീഫ് ഫിനാൻസ് ഓഫീസറാണ് പിതാവ് അഫ്സൽ. മൈക്രോബയോളജിസ്റ്റായ മാതാവ് സഹ്ലയാണ് കളിക്കളത്തിൽ സഹാന് ഏറ്റവും വലിയ പിന്തുണ നൽകുന്നത്. രണ്ട് വയസ്സുള്ള മുഹമ്മദ് സിദാൻ സഹോദരനാണ്.

ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ സഹാൻ പഠനവും ഫുട്ബോളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുകയാണ്. കായികരംഗത്ത് കൂടുതൽ ഉയരങ്ങളിലെത്താനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുതാരം. മലപ്പുറം ജില്ലയിലെ വാണിയമ്പലം പോരൂർ സ്വദേശികളാണ് സഹാന്റെ പ്രവാസി കുടുംബം.

Muhammad Sahan Pongi, a Malappuram native, has been selected for Saudi club Ettifaq FC’s official Under-10 team, becoming the only Indian player on the list. His journey began by watching football matches with his father in Dammam and progressed through local academies and trials before the club confirmed his selection. The fourth-grade student continues to balance studies and football while aiming for bigger achievements.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385867/malayali-boy-joins-ettifaq-u10-team)