---
title: "സൗദിക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ അരാംകോയിൽ ഹൂതി ആക്രമണം; കെട്ടിടത്തിൽ തീപിടിത്തം, സംഘർഷം രൂക്ഷം"
english_title: "Houthi Attack Hits Aramco After Saudi Warning; Fire Breaks Out"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386947/houthi-attack-aramco-saudi-warning"
published_at: "2026-10-14T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acee9a17773c_houthi-attack-aramco-saudi-warning.jpg"
keywords: ["HouthiAttack", "SaudiAramco", "YemenConflict", "SaudiArabia", "AirTravelDisruption"]
---

# സൗദിക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ അരാംകോയിൽ ഹൂതി ആക്രമണം; കെട്ടിടത്തിൽ തീപിടിത്തം, സംഘർഷം രൂക്ഷം

> **Lead Summary:** സൗദി: ​ സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഹൂതികളുടെ ആക്രമണം. ധഹ്റാനിലെ അരാംകോ കെട്ടിടത്തിനു നേരെ ഹൂതികള്‍ ആക്രമണം നടത്തി.

## Article Content

സൗദി: ​ സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഹൂതികളുടെ ആക്രമണം. ധഹ്റാനിലെ അരാംകോ കെട്ടിടത്തിനു നേരെ ഹൂതികള്‍ ആക്രമണം നടത്തി.

ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിൽ തീപിടിത്തമുണ്ടായെങ്കിലും ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. ഇതോടെ യെമനിലെ ഹൂതിവിമതരും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യെമൻ തലസ്ഥാനമായ സനയിലെ എണ്ണ കേന്ദ്രത്തിന് നേരെ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഹൂതികളുടെ തിരിച്ചടി.

അരാംകോയ്ക്കു നേരെ ആക്രമണം നടത്തുമെന്നും സൗദി എണ്ണ കേന്ദ്രങ്ങൾക്ക് സമീപമുള്ള ജീവനക്കാരും സാധാരണക്കാരും ഒഴിഞ്ഞുപോകണമെന്നും കഴിഞ്ഞ ദിവസം ഹൂതി വക്താവ് യഹ്യ സരീ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ അൽ സബാഹ് മേഖലയിലെ യെമൻ ഓയിൽ കമ്പനിയുടെ പരിസരത്തുനിന്നും ഒഴിഞ്ഞുപോകാൻ സൗദിയും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ സനയിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

റാസ് ഈസ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കുകൾക്കും ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ എണ്ണ കേന്ദ്രത്തിനും നേരെ സൗദി ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കാൻ ഹൂതികൾ എണ്ണ കേന്ദ്രവും ഭൂഗർഭ ഇന്ധന സംഭരണശാലകളും ഉപയോഗിക്കുന്നതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ആരോപിച്ചു.

അതിനിടെ റിയാദിലേക്ക് ഹൂതികൾ വിക്ഷേപിച്ച മിസൈലുകൾ തടഞ്ഞതായി സൗദി അവകാശപ്പെട്ടു. തടഞ്ഞ രണ്ട് മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് നാലുപേർക്ക് പരുക്കേൽക്കുകയും 15 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് റിയാദിലെ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. ഇതില്‍ 13 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വിമാനത്താവളത്തിൽ വീണ്ടും പ്രൊജക്ടൈൽ പതിച്ചതിനെത്തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

നിലയ്ക്കാത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എയർ ഫ്രാൻസ്-കെഎൽഎം, എയർ ഇന്ത്യ, ഇത്തിഹാദ്, ലുഫ്താൻസ, ഡെൽറ്റ, ഗൾഫ് എയർ, ഖത്തർ എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികൾ സൗദിയിലേക്കും സമീപ രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഇതോടൊപ്പം ഹൂതികള്‍ക്കെതിരെ യെമനിലെ സര്‍ക്കാര്‍ സേനയും ആക്രമണം ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. തയിസ് ഗവർണറേറ്റിൽ ചൊവ്വാഴ്ച ഒമ്പത് വ്യോമാക്രമണങ്ങൾ നടത്തിയതായി സർക്കാർ അറിയിച്ചു.

ആക്രമണം തുടരാനാണ് തീരുമാനമെങ്കില്‍ ഹൂതികള്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷതവഹിച്ച മന്ത്രിസഭായോഗം മുന്നറിയിപ്പ് നൽകി.

Houthi fighters attacked an Aramco building in Dhahran after warning Saudi Arabia of further strikes, sparking a fire but causing no reported casualties. The escalation comes amid intensified Saudi-led airstrikes in Yemen, retaliatory missile attacks on Riyadh, and growing disruption to regional air travel.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386947/houthi-attack-aramco-saudi-warning)