---
title: "ഭക്ഷണം എത്തിച്ച ഡെലിവറി ജീവനക്കാരന് മർദ്ദനവും അസഭ്യവർഷവും; ഉപഭോക്താവ് 20,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി കോടതി"
english_title: "Customer Who Assaulted Delivery Worker Ordered to Pay Dh20,000 Compensation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387170/abu-dhabi-delivery-worker-compensation"
published_at: "2026-10-15T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad072dde7cf7_abu-dhabi-delivery-worker-compensation.jpg"
keywords: ["AbuDhabiCourt", "DeliveryWorker", "CompensationCase", "UAEJustice", "CustomerAssault"]
---

# ഭക്ഷണം എത്തിച്ച ഡെലിവറി ജീവനക്കാരന് മർദ്ദനവും അസഭ്യവർഷവും; ഉപഭോക്താവ് 20,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി കോടതി

> **Lead Summary:** അബൂദബി: ഭക്ഷണം എത്തിച്ചുനല്‍കുന്നതിനിടെ ഡെലിവറി ജീവനക്കാരനെ ശാരീരികമായി മര്‍ദിക്കുകയും ചീത്തവിളിക്കുകയും ചെയ്ത ഉപഭോക്താവ് ഇരയായ തൊഴിലാളിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി ഫാമിലി, സിവില്‍ ആൻഡ്​ അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു.

## Article Content

അബൂദബി: ഭക്ഷണം എത്തിച്ചുനല്‍കുന്നതിനിടെ ഡെലിവറി ജീവനക്കാരനെ ശാരീരികമായി മര്‍ദിക്കുകയും ചീത്തവിളിക്കുകയും ചെയ്ത ഉപഭോക്താവ് ഇരയായ തൊഴിലാളിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി ഫാമിലി, സിവില്‍ ആൻഡ്​ അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു.

പ്രതിക്കെതിരായ ക്രിമിനല്‍ കേസില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സിവില്‍ കോടതിയുടെ ഈ സുപ്രധാന വിധി. പ്രതിക്ക് ക്രിമിനല്‍ കോടതി രണ്ടുമാസം തടവും 10,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ തടവുശിക്ഷ മൂന്നുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യപ്പെടുകയായിരുന്നു.

തനിക്കുണ്ടായ ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും പരിഹാരമായി 50,000 ദിര്‍ഹം നഷ്ടപരിഹാരവും, കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ തുക പൂര്‍ണമായി അടച്ചുതീര്‍ക്കുന്നതുവരെ ഒമ്പത് ശതമാനം നിയമപരമായ പലിശയും കോടതിച്ചെലവുകളും ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡെലിവറി തൊഴിലാളി കോടതിയെ സമീപിച്ചത്.

കസ്റ്റമര്‍ക്ക് ആഹാരം എത്തിച്ചു നല്‍കുന്നതിനിടെ അപ്രതീക്ഷിതമായി അയാള്‍ തന്നെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

കൂടാതെ ഭക്ഷണത്തിന്‍റെ പണം നല്‍കാതെ അത് കൈക്കലാക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് തനിക്ക് വൈദ്യസഹായം തേടേണ്ടിവരികയും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ടുമാസം തടവും 10,000 ദിര്‍ഹം പിഴയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

അക്രമം മൂലം തനിക്ക് കടുത്ത മാനസിക-ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നുവെന്നും ജോലി ചെയ്യാന്‍ സാധിക്കാതെ സാമ്പത്തിക നഷ്ടമുണ്ടായെന്നും ഹരജിക്കാരന്‍ വാദിച്ചു. തന്‍റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുകയും വലിയ ഭയവും ആശങ്കയും ഉണ്ടാകുകയും ചെയ്തു. എന്നാല്‍, ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം മെമ്മോറാണ്ടം സമര്‍പ്പിച്ചു.

ഡെലിവറി ജീവനക്കാരനെ അക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതില്‍ പ്രതി കുറ്റക്കാരനാണെന്ന് ക്രിമിനല്‍ കോടതി ഇതിനകം കണ്ടെത്തിയിട്ടുള്ളതിനാല്‍ പ്രതിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തെളിഞ്ഞിട്ടുണ്ട്.

അക്രമം കാരണം ജോലി തടസ്സപ്പെട്ടതിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടത്തിനും, പരസ്യമായി അപമാനിതനായതിലൂടെ ഉണ്ടായ മാനസിക വിഷമങ്ങള്‍ക്കും ആത്മാഭിമാനത്തിനേറ്റ ക്ഷതത്തിനും പരാതിക്കാരന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

An Abu Dhabi court has ordered a customer who assaulted and verbally abused a delivery worker to pay Dh20,000 in compensation. The ruling came after a criminal court had already convicted the customer and imposed a suspended jail term and fine.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387170/abu-dhabi-delivery-worker-compensation)