---
title: "കൂളറിന്റെ പുറംഭാഗം വൃത്തിയാക്കിയാൽ മാത്രം പോര...!  പൊതുസ്ഥലങ്ങളിലെ കുടിവെള്ള കൂളറുകൾക്ക് കർശന നിയന്ത്രണം; ശുചിത്വത്തിൽ വീഴ്ച പാടില്ലെന്ന് അബുദാബി നഗരസഭ"
english_title: "Abu Dhabi Municipality Tightens Rules on Public Drinking Water Coolers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388036/abu-dhabi-public-water-coolers-rules"
published_at: "2026-10-21T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad86c4e17449_abu-dhabi-public-water-coolers-rules.jpg"
keywords: ["AbuDhabi", "Municipality", "WaterCoolers", "PublicHealth", "Hygiene"]
---

# കൂളറിന്റെ പുറംഭാഗം വൃത്തിയാക്കിയാൽ മാത്രം പോര...!  പൊതുസ്ഥലങ്ങളിലെ കുടിവെള്ള കൂളറുകൾക്ക് കർശന നിയന്ത്രണം; ശുചിത്വത്തിൽ വീഴ്ച പാടില്ലെന്ന് അബുദാബി നഗരസഭ

> **Lead Summary:** അബുദാബി: പൊതുസ്ഥലങ്ങളിലെ കുടിവെള്ള കൂളറുകളുടെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉടമകൾക്ക് കർശന നിർദേശങ്ങളുമായി അബുദാബി നഗരസഭ രംഗത്ത്. അബുദാബി ദ്വീപിലും പ്രധാന നഗരമേഖലകളിലുമായി നടത്തിയ പ്രത്യേക ഫീൽഡ് ക്യാംപെയ്നിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

അബുദാബി: പൊതുസ്ഥലങ്ങളിലെ കുടിവെള്ള കൂളറുകളുടെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉടമകൾക്ക് കർശന നിർദേശങ്ങളുമായി അബുദാബി നഗരസഭ രംഗത്ത്. അബുദാബി ദ്വീപിലും പ്രധാന നഗരമേഖലകളിലുമായി നടത്തിയ പ്രത്യേക ഫീൽഡ് ക്യാംപെയ്നിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

കൂളറുകളുടെ പുറംഭാഗം മാത്രം വൃത്തിയാക്കിയാൽ പോര, ഉൾഭാഗവും കുടിവെള്ളവുമായി ബന്ധപ്പെട്ട മറ്റ് ഭാഗങ്ങളും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണമെന്ന് നഗരസഭ ഓർമിപ്പിച്ചു.

ജലസംഭരണികൾ, ടാപ്പുകൾ, വെള്ളം പുറത്തുവരുന്ന ഭാഗങ്ങൾ എന്നിവയെല്ലാം പൊടിയും പ്രാണികളും അഴുക്കും കയറാത്ത രീതിയിൽ സുരക്ഷിതമായി അടച്ചു സൂക്ഷിക്കണം. വെള്ളത്തിന്റെ രുചിയിലോ നിറത്തിലോ ഗന്ധത്തിലോ എന്തെങ്കിലും മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കരുത്.

കൂടാതെ, ശീതീകരണ സംവിധാനത്തിലെ തകരാറുകൾ, വെള്ളം ചോർച്ച, വൈദ്യുത പ്രശ്നങ്ങൾ എന്നിവ കണ്ടെത്തിയാൽ ഉടൻ പരിഹരിക്കണമെന്നും, തകരാറുകൾ പരിഹരിക്കുന്നതുവരെ കൂളറുകളുടെ പ്രവർത്തനം നിർത്തിവെക്കണമെന്നും നിർദേശത്തിലുണ്ട്.

പൊതുകുടിവെള്ള കൂളറുകൾ സംരക്ഷിക്കുന്നതിൽ ഉടമകൾക്കൊപ്പം പൊതുജനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കൂളറുകൾ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുകയും, ശുചിത്വത്തെ ബാധിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാംപെയ്ന്റെ പ്രധാന സന്ദേശം.

പൊതുസൗകര്യങ്ങൾ സുരക്ഷിതമായി നിലനിർത്താൻ എല്ലാവരുടെയും സഹകരണം വേണമെന്നും നഗരസഭ അഭ്യർത്ഥിച്ചു.

Abu Dhabi Municipality has issued strict instructions to owners of public drinking water coolers to ensure hygiene and safety. Officials said the coolers must be cleaned and disinfected regularly, including internal parts, and any faults or contamination must be addressed immediately.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388036/abu-dhabi-public-water-coolers-rules)