---
title: "പ്രവാസി തൊഴിലാളികൾക്ക് ആശ്വാസം; ശമ്പളം മുടക്കുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രി"
english_title: "Kuwait Interior Minister Warns Firms Over Salary Delays"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388424/kuwait-warns-firms-salary-delays"
published_at: "2026-10-23T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb8bd468ee4_kuwait-warns-firms-salary-delays.jpg"
keywords: ["KuwaitNews", "ExpatWorkers", "SalaryDelays", "LaborLaw", "MiddleEastNews"]
---

# പ്രവാസി തൊഴിലാളികൾക്ക് ആശ്വാസം; ശമ്പളം മുടക്കുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രി

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് തൊഴിലുടമകൾക്ക് കർശന മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്. ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾ വലിയ രീതിയിലുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് തൊഴിലുടമകൾക്ക് കർശന മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്. ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾ വലിയ രീതിയിലുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതുമായി ബന്ധപ്പെട്ട് ഏകദേശം 10,000 കമ്പനികളുടെ ഫയലുകൾ നിലവിൽ അന്വേഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ചില കമ്പനികൾ നാല് മാസത്തോളമായി ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും കണ്ടെത്തലുണ്ട്.

ഈ വർഷം ജൂൺ വരെ ശമ്പളം കുടിശ്ശിക വരുത്തിയ 8,450 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി. പ്രവാസികൾക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്കുമായി ചേർന്ന് കർശന നിരീക്ഷണം നടത്തിവരികയാണ്. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ശമ്പളം തടഞ്ഞുവെക്കൽ എന്നിവ രാജ്യത്തിന്റെ അന്താരാഷ്ട്ര റാങ്കിങ്ങിനെ മോശമായി ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൂടാതെ, ഒരു രാജ്യത്തുനിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിൽ 30 മുതൽ 40 ശതമാനം വരെ പരിധി നിശ്ചയിക്കുന്ന ക്വാട്ടാ സമ്പ്രദായം നടപ്പിലാക്കുന്നതും, ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള സൗകര്യം പുനഃസ്ഥാപിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

English Summary:

Kuwait Interior Minister Sheikh Fahad Yusuf Al-Sabah has warned employers to pay expatriate workers on time, saying firms that delay salaries will face strict legal action. Authorities say around 10,000 company files are under investigation, while 8,450 files had been frozen by June over salary arrears.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388424/kuwait-warns-firms-salary-delays)