---
title: "യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം....; ഇനിയുള്ള അഞ്ച് ദിവസം മഴ പ്രതീക്ഷിക്കാം, മൂടല്‍മഞ്ഞിനും ശക്തമായ കാറ്റിനും സാധ്യത"
english_title: "UAE Issues Alert as Rain, Fog and Strong Winds Expected for Five Days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388494/uae-rain-fog-strong-winds-alert"
published_at: "2026-10-24T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc4be9a263d_uae-rain-fog-strong-winds-alert.jpg"
keywords: ["UAEWeather", "RainAlert", "FogWarning", "StrongWinds", "NCM"]
---

# യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം....; ഇനിയുള്ള അഞ്ച് ദിവസം മഴ പ്രതീക്ഷിക്കാം, മൂടല്‍മഞ്ഞിനും ശക്തമായ കാറ്റിനും സാധ്യത

> **Lead Summary:** അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ 28 ബുധനാഴ്ച വരെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍ മഴയ്ക്ക് കാരണമായേക്കും. ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

## Article Content

അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ 28 ബുധനാഴ്ച വരെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍ മഴയ്ക്ക് കാരണമായേക്കും. ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

ശനിയാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയോടെ കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ മേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. ഇതോടെ താപനില കുറയാനും ഇടയുണ്ട്.

ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ തീരദേശ, ഉള്‍നാടന്‍ മേഖലകളില്‍ ഈര്‍പ്പം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞോ നേരിയ മഞ്ഞോ അനുഭവപ്പെട്ടേക്കും.

മേഘങ്ങള്‍ രൂപപ്പെടുന്ന സമയങ്ങളില്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. ഇതുമൂലം ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരാനും സാധ്യതയുണ്ട്.

ഇന്ന് തീരദേശങ്ങളിലും ദ്വീപുകളിലും താപനില 33-37 ഡിഗ്രി സെല്‍ഷ്യസും ഉള്‍നാടന്‍ മേഖലകളില്‍ 35 മുതല്‍ 39 ഡിഗ്രി വരെ സെല്‍ഷ്യസും പര്‍വതപ്രദേശങ്ങളില്‍ 26-32 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നാണ് പ്രവചനം.

നാളെ മുതല്‍ ബുധനാഴ്ച വരെ വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. ബുധനാഴ്ചയും മഴയ്ക്കുള്ള സാധ്യത തുടരും.

അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പൊതുവെ നേരിയതോ മിതമായതോ ആയിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഉപരിതല ന്യൂനമര്‍ദത്തിന്റെ സ്വാധീനവും അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിലുള്ള ദുര്‍ബലമായ ന്യൂനമര്‍ദവുമാണ് ഈ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

The UAE’s National Center of Meteorology has warned of rain in several areas from today until Wednesday, with convective clouds likely over the northern and eastern regions. Fog, dust and strong winds are also possible, with wind speeds reaching up to 50 km/h on some days.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388494/uae-rain-fog-strong-winds-alert)