---
title: "ഒറ്റ രാത്രി കൊണ്ട് ലക്ഷങ്ങൾ ആവിയായി; ബാങ്ക് വിവരങ്ങൾ ചോർത്തിയ ആറംഗ സംഘത്തെ ദുബായ് പൊലീസിന്റെ പിടിയിൽ"
english_title: "Dubai Police Arrest Six in Fake Shopping Website Card Fraud Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388548/dubai-police-arrest-fake-shopping-fraud-gang"
published_at: "2026-10-24T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc7e8a79d59_dubai-police-arrest-fake-shopping-fraud-gang.jpg"
keywords: ["DubaiPolice", "CyberFraud", "OnlineShopping", "BankCardTheft", "DigitalWallets"]
---

# ഒറ്റ രാത്രി കൊണ്ട് ലക്ഷങ്ങൾ ആവിയായി; ബാങ്ക് വിവരങ്ങൾ ചോർത്തിയ ആറംഗ സംഘത്തെ ദുബായ് പൊലീസിന്റെ പിടിയിൽ

> **Lead Summary:** **ദുബായ്: **വ്യാജ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റുകൾ നിർമ്മിച്ച് ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് വിവരങ്ങൾ ചോർത്തുകയും അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത ആറംഗ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തങ്ങൾ അറിയാതെ പണം നഷ്ടപ്പെടുന്നതായി നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ പടികൂടൽ.

## Article Content

**ദുബായ്: **വ്യാജ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റുകൾ നിർമ്മിച്ച് ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് വിവരങ്ങൾ ചോർത്തുകയും അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത ആറംഗ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തങ്ങൾ അറിയാതെ പണം നഷ്ടപ്പെടുന്നതായി നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ പടികൂടൽ.

'അൺഎക്സ്പെക്റ്റഡ് ഡിഡക്ഷൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സംഘം, ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ ചോർത്തി അനധികൃതമായി സാധനങ്ങൾ വാങ്ങുകയും പണം ഡിജിറ്റൽ വാലറ്റുകളിലേക്കും മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കും മാറ്റുകയുമായിരുന്നു ചെയ്തത്. ചോർത്തിയെടുത്ത ചില കാർഡ് വിവരങ്ങൾ ഇവർ മറ്റ് തട്ടിപ്പുകാർക്ക് വിറ്റതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു സ്വകാര്യ കമ്പനി ജീവനക്കാരി നൽകിയ പരാതിയാണ് കേസിൽ വഴിത്തിരിവായത്. വലിയ ഇടപാടുകളൊന്നും നടത്താതെ തന്നെ വർഷങ്ങളോളം കഷ്ടപ്പെട്ട് സമ്പാദിച്ച തുക ഒറ്റ രാത്രി കൊണ്ട് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായി ഇവർ പരാതി നൽകുകയായിരുന്നു. തുടർന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സൈബർ നിരീക്ഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്, ഇവരുടെ താവളം വളഞ്ഞാണ് ആറുപേരെയും അറസ്റ്റ് ചെയ്തത്.

തട്ടിപ്പിനിരയായവരുടെ നിരവധി ബാങ്ക് കാർഡുകളും ചെക്ക് ബുക്കുകളും പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. വിവിധ ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ നൽകുന്ന ഡിജിറ്റൽ വാലറ്റുകൾ ദുരുപയോഗം ചെയ്താണ് പ്രതികൾ പണം കൈമാറിയിരുന്നത്.

ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുമ്പോൾ വെബ്‌സൈറ്റുകളുടെ വിശ്വസനീയത ഉറപ്പുവരുത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. അക്കൗണ്ട്, കാർഡ് വിവരങ്ങൾ, ഒ.ടി.പി എന്നിവ അപരിചിതരുമായോ അപരിചിതമായ പ്ലാറ്റ്‌ഫോമുകളുമായോ പങ്കുവെക്കരുത്. സംശയാസ്പദമായ ഇടപാടുകൾ കണ്ടാൽ ഉടൻ ബാങ്കിനെയും പൊലീസിനെയും അറിയിക്കണം. ദുബായ് പൊലീസിന്റെ 901 എന്ന നമ്പറിലോ, 'പൊലീസ് ഐ' സർവീസ് വഴിയോ, ഇ-ക്രൈം ആപ്പ്/വെബ്‌സൈറ്റ് മുഖേനയോ ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Dubai Police have arrested a six-member gang accused of creating fake online shopping websites to steal bank card details and siphon money from victims’ accounts. Investigators said the group also sold some stolen card data to other fraudsters and used digital wallets and bank transfers to move the funds.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388548/dubai-police-arrest-fake-shopping-fraud-gang)