---
title: "ലഹരി വിൽപന മണ്ണ് വഴി! ലഹരി മണ്ണിൽ കുഴിച്ചിട്ട് വാട്സ്ആപ്പിൽ ലൊക്കേഷൻ; ഒടുവിൽ പ്രവാസി കുവൈത്ത് പൊലീസിന്റെ പിടിയിൽ"
english_title: "Expat Arrested in Kuwait for Burying Drugs and Sharing Locations on WhatsApp"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389451/kuwait-drug-sales-whatsapp-location"
published_at: "2026-10-30T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae450d7e3dc8_kuwait-drug-sales-whatsapp-location.jpg"
keywords: ["KuwaitDrugs", "DrugTrafficking", "WhatsAppCrime", "ExpatArrest", "PoliceRaid"]
---

# ലഹരി വിൽപന മണ്ണ് വഴി! ലഹരി മണ്ണിൽ കുഴിച്ചിട്ട് വാട്സ്ആപ്പിൽ ലൊക്കേഷൻ; ഒടുവിൽ പ്രവാസി കുവൈത്ത് പൊലീസിന്റെ പിടിയിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **മണ്ണിൽ ലഹരിവസ്തുക്കൾ കുഴിച്ചിട്ട ശേഷം ഇതിന്റെ ചിത്രങ്ങളും ലൊക്കേഷനും ഫോൺ വഴി ആവശ്യക്കാർക്ക് അയച്ചു കൊടുത്ത് വിപണനം നടത്തിവന്ന പ്രവാസി കുവൈത്തിൽ പിടിയിലായി. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് സംഘത്തിന്റെ പട്രോളിങ്ങിനിടെ മരങ്ങൾക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**കുവൈത്ത് സിറ്റി: **മണ്ണിൽ ലഹരിവസ്തുക്കൾ കുഴിച്ചിട്ട ശേഷം ഇതിന്റെ ചിത്രങ്ങളും ലൊക്കേഷനും ഫോൺ വഴി ആവശ്യക്കാർക്ക് അയച്ചു കൊടുത്ത് വിപണനം നടത്തിവന്ന പ്രവാസി കുവൈത്തിൽ പിടിയിലായി. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് സംഘത്തിന്റെ പട്രോളിങ്ങിനിടെ മരങ്ങൾക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സുരക്ഷാ ഉദ്യോഗസ്ഥർ അടുത്തേക്ക് വരുന്നത് കണ്ട് ഇയാൾ മയക്കുമരുന്ന് അടങ്ങിയ പാക്കറ്റ് വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് 9 പാക്കറ്റുകൾ കൂടി കണ്ടെത്തി. ജാബ്രിയയിലെ താമസസ്ഥലത്ത് കൂടുതൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. തുടർന്ന് നടത്തിയ റെയ്ഡിൽ ആകെ 52 പാക്കറ്റ് ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. ലഹരി കൈമാറാനായി അവ നിലത്ത് കുഴിച്ചിട്ട ശേഷം ആ സ്ഥലങ്ങളുടെ ചിത്രങ്ങൾ ഫോണിലൂടെ ആവശ്യക്കാരെ അറിയിക്കുന്നതായിരുന്നു ഇയാളുടെ വിപണനരീതി.

മറ്റൊരു സംഭവത്തിൽ, ലഹരിദ്രാവകം നിറച്ച ഇലക്ട്രോണിക് സിഗരറ്റുകൾ വിറ്റതിന് പ്രായപൂർത്തിയാകാത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിർദൗസിൽ നിന്ന് പിടിയിലായ ഇയാളിൽ നിന്ന് 40 ഒഴിഞ്ഞ ഇ-സിഗരറ്റുകളും 'കെമിക്കൽ' ദ്രാവകം അടങ്ങിയ 120 മില്ലിലിറ്റർ കുപ്പിയും കണ്ടെടുത്തു. ഇതിനുപുറമെ ഫർവാനിയയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ നിറച്ച 24 ഇ-സിഗരറ്റുകളും കണ്ടെടുത്തു.

കൂടാതെ, മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കടത്തിയതുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത കേസുകളിലായി നാല് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 200 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 650 ഗ്രാം കഞ്ചാവ്, മൂന്ന് ഡിജിറ്റൽ ത്രാസുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.

A foreign national was arrested in Kuwait after allegedly burying drugs in the ground and sending buyers photos and locations by phone. Police also reported separate arrests linked to electronic cigarettes containing narcotic liquids and other drug trafficking cases.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389451/kuwait-drug-sales-whatsapp-location)