---
title: "'വെറുമൊരു തമാശയെന്ന് കരുതി സ്നാപ്ചാറ്റിലിട്ടു'; അഞ്ചുവയസുകാരിയുടെ വീഡിയോ യുവതിക്ക് വിനയായി, യുഎഇയിൽ തടവും നാടുകടത്തലും"
english_title: "Snapchat Post of 5-Year-Old’s Video Lands Woman in Jail and Deportation in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390878/snapchat-video-child-jail-deportation-uae"
published_at: "2026-11-09T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1906164233_snapchat-video-child-jail-deportation-uae.jpg"
keywords: ["UAELaw", "SnapchatCase", "ChildPrivacy", "CyberCrime", "Deportation"]
---

# 'വെറുമൊരു തമാശയെന്ന് കരുതി സ്നാപ്ചാറ്റിലിട്ടു'; അഞ്ചുവയസുകാരിയുടെ വീഡിയോ യുവതിക്ക് വിനയായി, യുഎഇയിൽ തടവും നാടുകടത്തലും

> **Lead Summary:** യുഎഇ: കുടുംബസംഗമത്തിനിടെ മാതാപിതാക്കളുടെ സമ്മതമില്ലാതെ അഞ്ച് വയസ്സുകാരിയുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമമായ സ്നാപ്ചാറ്റ് അക്കൗണ്ടിൽ പങ്കുവച്ച യുവതിക്ക് യുഎഇയിൽ ഒരു മാസം തടവുശിക്ഷയും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും ഉത്തരവിട്ടു.

## Article Content

യുഎഇ: കുടുംബസംഗമത്തിനിടെ മാതാപിതാക്കളുടെ സമ്മതമില്ലാതെ അഞ്ച് വയസ്സുകാരിയുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമമായ സ്നാപ്ചാറ്റ് അക്കൗണ്ടിൽ പങ്കുവച്ച യുവതിക്ക് യുഎഇയിൽ ഒരു മാസം തടവുശിക്ഷയും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും ഉത്തരവിട്ടു.

കുടുംബസംഗമത്തിനിടെ ഭക്ഷണത്തിന്റെ പേര് തെറ്റായി ഉച്ചരിച്ച് തമാശ പറയുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് യുവതി ചിത്രീകരിക്കുകയും വീഡിയോ സ്നാപ്ചാറ്റിൽ പങ്കുവെക്കുകയുമാണ് ചെയ്തത്. ദൃശ്യങ്ങൾ മറ്റ് സമൂഹമാധ്യമങ്ങളിലേക്കും വ്യാപിച്ചതോടെ കുട്ടി വെെറലാവുകയായിരുന്നു.

മകളുടെ ദൃശ്യങ്ങൾ തന്റെ അനുമതിയില്ലാതെ പരസ്യമായി പങ്കുവച്ചത് ശ്രദ്ധയിൽപ്പെട്ട പിതാവ് ഇതിനെതിരെ രംഗത്തെത്തി. കുട്ടിയുടെ സ്വകാര്യതയ്ക്കും മാനസിക സുരക്ഷയ്ക്കും ദോഷമുണ്ടാകുമെന്ന ആശങ്കയിൽ അധികൃതർക്ക് പരാതി നൽകി.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അനുമതിയില്ലാതെ കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും ഓൺലൈൻ വഴി പ്രസിദ്ധീകരിച്ചതിനും കുട്ടിയെ പരിഹാസത്തിനും മാനസികമായി ബാധിക്കാവുന്ന ബുദ്ധിമുട്ടുകളുടെയും സാഹചര്യങ്ങൾക്കും വിധേയയാക്കിയതിനും യുവതിക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുത്തു.

സൈബർ കുറ്റകൃത്യങ്ങളും കിംവദന്തികളും തടയുന്നതിനുള്ള 2021ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 34 നിയമം, വദീമ നിയമം 2016ലെ ഫെഡറൽ നിയമം നമ്പർ 3 എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമായിരുന്നു നടപടി. വീഡിയോ ചിത്രീകരിച്ച് പങ്കുവച്ച കാര്യം യുവതി കോടതിയിൽ സമ്മതിച്ചെങ്കിലും കുട്ടിയെ മനഃപൂർവം പരിഹസിച്ചെന്ന ആരോപണം നിഷേധിച്ചു.

തന്റെ സ്നാപ്ചാറ്റ് അക്കൗണ്ട് പബ്ലിക്കാണെന്നും, പൊതുജനങ്ങൾക്ക് കാണാവുന്നതായിരുന്നുവെന്നും വീഡിയോ മറ്റുള്ളവരിലേക്ക് വ്യാപിച്ചത് തന്റെ നിയന്ത്രണത്തിലല്ലായിരുന്നുവെന്നും യുവതി വാദിച്ചു.

എന്നാൽ പൊലീസ് റിപ്പോർട്ടുകളും മറ്റ് തെളിവുകളും യുവതിയുടെ കുറ്റസമ്മതവും പരിഗണിച്ച കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല. കുട്ടിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണെന്നും അതിന് പിന്നിൽ ദോഷകരമായ ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ഒരു മാസം തടവും തുടർന്ന് നാടുകടത്തലും വിധിച്ചത്.

കുടുംബസംഗമത്തിനിടെ തമാശയ്ക്കായി ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ പോലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾ ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ബിൻ സുവൈദാൻ അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടൻസിയിലെ അഭിഭാഷകൻ റാഷിദ് ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.

വീഡിയോ ചിത്രീകരിച്ച വ്യക്തിക്ക് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് കൈമാറുന്നവർക്കും വീണ്ടും പങ്കുവയ്ക്കുന്നവർക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടാകാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരാളുടെ ചിത്രം പകർത്താൻ അനുമതി ലഭിക്കുന്നത് അത് പൊതുവേദിയിൽ പ്രസിദ്ധീകരിക്കാനുള്ള അനുമതിയായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനത്തിന്റെ ചിത്രം പകർത്താൻ അനുവാദം ലഭിച്ചതുകൊണ്ട് മാത്രം അതിന്റെ നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യമായി പങ്കുവയ്ക്കാൻ അവകാശമില്ലെന്ന് അദ്ദേഹം ഉദ്ദാഹരണ സഹിതം വിശദീകരിച്ചു.

A woman in the UAE has been sentenced to one month in jail and ordered deported after filming and sharing a five-year-old girl’s video on Snapchat without the parents’ consent. The court found that publishing the child’s image online was unlawful, even if the intent was not to mock her, and rejected the woman’s defense that the account was public.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390878/snapchat-video-child-jail-deportation-uae)