---
title: "'ബാങ്ക് രേഖകളിൽ വ്യാജ ലാഭക്കണക്കുകൾ'; കുവൈത്തിൽ പ്രവാസികളടക്കം 10 പേർക്ക് മൂന്നുവർഷം തടവ്"
english_title: "Kuwait Appeals Court Sentences 10 to Three Years in Forgery Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391748/kuwait-bank-records-forgery-ten-sentenced"
published_at: "2026-11-15T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9c474af15d_kuwait-bank-records-forgery-ten-sentenced.jpg"
keywords: ["KuwaitNews", "BankForgery", "AppealsCourt", "PravasiNews", "MoneyLaunderingCase"]
---

# 'ബാങ്ക് രേഖകളിൽ വ്യാജ ലാഭക്കണക്കുകൾ'; കുവൈത്തിൽ പ്രവാസികളടക്കം 10 പേർക്ക് മൂന്നുവർഷം തടവ്

> **Lead Summary:** കുവൈത്ത് : കുവൈത്തിൽ ബാങ്ക് രേഖകളിൽ കൃത്രിമം നടത്തിയ കേസിൽ കുവൈത്തി പൗരന്മാരും പ്രവാസികളും ഉൾപ്പെടെ 10 പേർക്ക് അപ്പീൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയ കോടതി, നേരത്തെ നൽകിയ പത്ത് വർഷം തടവും 422 ദശലക്ഷം കുവൈത്ത് ദിനാർ പിഴയും റദ്ദാക്കി.

## Article Content

കുവൈത്ത് : കുവൈത്തിൽ ബാങ്ക് രേഖകളിൽ കൃത്രിമം നടത്തിയ കേസിൽ കുവൈത്തി പൗരന്മാരും പ്രവാസികളും ഉൾപ്പെടെ 10 പേർക്ക് അപ്പീൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയ കോടതി, നേരത്തെ നൽകിയ പത്ത് വർഷം തടവും 422 ദശലക്ഷം കുവൈത്ത് ദിനാർ പിഴയും റദ്ദാക്കി.

ജസ്റ്റിസ് അബ്ദുല്ല അൽ സാനിഅയുടെ അധ്യക്ഷതയിലുള്ള അപ്പീൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ബെഞ്ചാണ് വിധി പറഞ്ഞത്. ജഡ്ജിമാരായ മിഷാൽ അൽ മുതവ്വ, സൗദ് അൽ മുതൈരി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

വിവിധ കമ്പനികളുടെ പേരിൽ യഥാർത്ഥത്തിൽ ലഭിക്കാത്ത ലാഭം ലഭിച്ചതായി കാണിക്കുന്നതിനായി ബാങ്ക് രേഖകളിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമായി തയ്യാറാക്കിയതായി കോടതി കണ്ടെത്തി.

കേസിൽ നേരത്തെ കീഴ്‌ക്കോടതി പ്രതികൾക്ക് പത്ത് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്കും കേസിൽ ഉൾപ്പെട്ട വിവിധ കമ്പനികൾക്കുമായി ആകെ 422 ദശലക്ഷം ദിനാർ പിഴയും ചുമത്തിയിരുന്നു. എന്നാൽ അപ്പീൽ കോടതി കേസ് വീണ്ടും പരിശോധിച്ചപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തി.

അതിനെ തുടർന്ന് ആ കുറ്റവുമായി ബന്ധപ്പെട്ട തടവുശിക്ഷകളും സാമ്പത്തിക പിഴകളും റദ്ദാക്കി. മറ്റ് പ്രതികളെയും കമ്പനികളെയും കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിൽ നിന്ന് ഒഴിവാക്കിയതായും കോടതി അറിയിച്ചു.

അതേസമയം ബാങ്ക് രേഖകളിൽ കൃത്രിമം നടത്തിയെന്ന കുറ്റം തെളിഞ്ഞതിനാൽ പത്ത് പ്രതികൾക്ക് മൂന്ന് വർഷം വീതം തടവുശിക്ഷ തുടരും. നേരത്തെ കോടതിയിൽ ഹാജരാകാതിരുന്ന സാഹചര്യത്തിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്കെതിരായ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു.

Kuwait’s appeals court sentenced 10 people, including citizens and expatriates, to three years in prison for falsifying bank records to show profits that were never actually earned. The court overturned earlier money-laundering convictions and annulled the associated 422 million dinar fine, saying the charge was not proven.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391748/kuwait-bank-records-forgery-ten-sentenced)