---
title: "കുവൈത്തിനെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണശ്രമം പരാജയപ്പെടുത്തി വ്യോമസേന; ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് സൈന്യം"
english_title: "Kuwait Thwarts Drone Attack Attempt, Military Says Public Need Not Panic"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392153/kuwait-thwarts-drone-attack-attempt-new"
published_at: "2026-11-18T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd7bba974f4_kuwait-thwarts-drone-attack-attempt-new.jpg"
keywords: ["KuwaitNews", "DroneAttack", "GulfSecurity", "YemenConflict", "SaudiCoalition", "KuwaitSecurity", "AirDefense", "GulfTensions", "MiddleEastNews"]
---

# കുവൈത്തിനെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണശ്രമം പരാജയപ്പെടുത്തി വ്യോമസേന; ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് സൈന്യം

> **Lead Summary:** **** കുവൈത്തിനെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണശ്രമം വ്യോമസേന പ്രതിരോധിച്ചതായി കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് ആക്രമണശ്രമം ഉണ്ടായതെന്നും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉടൻ നടപടി സ്വീകരിച്ചതായും സൈന്യം പറഞ്ഞു.

## Article Content

**** കുവൈത്തിനെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണശ്രമം വ്യോമസേന പ്രതിരോധിച്ചതായി കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് ആക്രമണശ്രമം ഉണ്ടായതെന്നും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉടൻ നടപടി സ്വീകരിച്ചതായും സൈന്യം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേൾക്കുകയാണെങ്കിൽ, അത് ഡ്രോണുകളെ ആകാശത്തുവെച്ച് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന് സൈന്യം വിശദീകരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.

ഡ്രോണുകൾ എവിടെ നിന്നാണ് എത്തിയതെന്നോ ആക്രമണത്തിന്റെ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണെന്നോ സൈന്യം വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഗൾഫ് മേഖലയിൽ സുരക്ഷാ സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് കുവൈത്തിൽ വീണ്ടും ഡ്രോൺ ഭീഷണി റിപ്പോർട്ട് ചെയ്തത്.

അതേസമയം, യെമനിലെ ഹൂതി വിമതരുടെ 60 സൈനിക കേന്ദ്രങ്ങൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേന തകർത്തു. സൻആ, ഹൊദൈദ, അംറാൻ, സഅദ എന്നീ പ്രവിശ്യകളിലായിരുന്നു ആക്രമണം. ഹൂതികളുടെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണ ശേഷി ഇല്ലാതാക്കുകയും കടൽ വഴിയുള്ള ഭീഷണികൾ തടയുകയും ചെയ്യുകയെന്നതായിരുന്നു ലക്ഷ്യമെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.

മലനിരകൾക്കുള്ളിൽ തുരങ്കങ്ങളുണ്ടാക്കി ഒളിപ്പിച്ചിരുന്ന ബാലിസ്റ്റിക് മിസൈൽ സംഭരണശാലകളും ഡ്രോണുകൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളും തകർത്തതായി സഖ്യസേന പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച റിയാദ് ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ച ഒരു ഡ്രോൺ ആകാശത്തുവെച്ചുതന്നെ വെടിവെച്ചിട്ട് നശിപ്പിച്ചതിന് പിന്നാലെയാണ് ഈ നടപടി.

Kuwait’s armed forces said they intercepted a drone attack attempt targeting the country on Tuesday night and urged residents not to panic. The military said the sounds of explosions were linked to air-defense operations and provided no details on the drone’s origin or any damage. Meanwhile, the Saudi-led coalition said it destroyed 60 Houthi military sites in Yemen.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392153/kuwait-thwarts-drone-attack-attempt-new)