---
title: "വനിതയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഒളിപ്പിക്കാൻ ശ്രമിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ"
english_title: "Death Sentence Upheld in Kuwait Suitcase Murder Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392651/kuwait-suitcase-murder-death-sentence"
published_at: "2026-11-21T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01d0ef4f095_kuwait-suitcase-murder-death-sentence.jpg"
keywords: ["KuwaitCrime", "DeathSentence", "MurderCase", "SupremeCourt", "LegalAppeal"]
---

# വനിതയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഒളിപ്പിക്കാൻ ശ്രമിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

> **Lead Summary:** കുവൈത്ത് സിറ്റി: വനിതയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഒളിപ്പിച്ച കേസിൽ കുവൈത്ത് പൗരന് വിചാരണ കോടതി വിധിച്ച വധശിക്ഷ പരമോന്നത കോടതിയും ശരിവെച്ചു. ജഡ്ജി സ്വാലിഹ് അൽമുർഷിദ് അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്. രാജ്യത്ത് വലിയ ചർച്ചയായ ഈ കേസിലെ അപ്പീൽ നടപടികൾ ഇതോടെ പൂർണമായും അവസാനിച്ചു.

## Article Content

കുവൈത്ത് സിറ്റി: വനിതയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഒളിപ്പിച്ച കേസിൽ കുവൈത്ത് പൗരന് വിചാരണ കോടതി വിധിച്ച വധശിക്ഷ പരമോന്നത കോടതിയും ശരിവെച്ചു. ജഡ്ജി സ്വാലിഹ് അൽമുർഷിദ് അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്. രാജ്യത്ത് വലിയ ചർച്ചയായ ഈ കേസിലെ അപ്പീൽ നടപടികൾ ഇതോടെ പൂർണമായും അവസാനിച്ചു.

കുവൈത്തിലെ റുമൈതിയ പ്രദേശത്താണ് ക്രൂരമായ കുറ്റകൃത്യം നടന്നത്. കുവൈത്തി വനിതയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഒളിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് പ്രതി ശിക്ഷിക്കപ്പെട്ടത്.

വിചാരണ വേളയിൽ പ്രതിയുടെ മാനസികനിലയെക്കുറിച്ച് സംശയങ്ങൾ ഉയർന്നതിനെത്തുടർന്ന്, മനഃശാസ്ത്ര വിദഗ്ധരടങ്ങുന്ന മെഡിക്കൽ സമിതി ഇയാളെ പരിശോധിച്ചിരുന്നു. പ്രതിക്ക് മാനസിക രോഗങ്ങളൊന്നുമില്ലെന്നും, പ്രവൃത്തികളുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനുള്ള പൂർണ ബോധവും പക്വതയും ഉണ്ടായിരുന്നെന്നും സമിതി റിപ്പോർട്ട് നൽകി.

കുറ്റകൃത്യത്തിന്റെ ഗൗരവവും മൃതദേഹം ഒളിപ്പിക്കാൻ നടത്തിയ ശ്രമവും കണക്കിലെടുത്ത് കുവൈത്ത് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഫാരിസ് അൽദബ്ബൂസ് കോടതിയിൽ വാദിച്ചിരുന്നു. നേരത്തെ ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരമോന്നത കോടതിയും വിധി അന്തിമമാക്കിയത്.

ശിക്ഷ എത്രയും വേഗം നടപ്പാക്കുന്നതിനും നിയമപരമായ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള അവകാശങ്ങൾ നേടിയെടുക്കുന്നതിനുമായി കാത്തിരിക്കുകയാണെന്ന് കൊല്ലപ്പെട്ട വനിതയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ യൂസഫ് അൽഅത്താർ അറിയിച്ചു. കുടുംബം ഇതിനോടകം സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. വധശിക്ഷ അന്തിമമായെങ്കിലും ശിക്ഷ നടപ്പാക്കുന്ന തീയതി അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Kuwait’s Supreme Court has upheld the death sentence of a Kuwaiti man convicted of murdering a woman and attempting to hide her body in a suitcase. The ruling brings the appeal process in the high-profile case to a close, though the execution date has not yet been announced.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392651/kuwait-suitcase-murder-death-sentence)