---
title: "മരുഭൂമിയിൽ വിളവിന്റെ പെരുമഴ; ഈന്തപ്പഴ ഉത്പാദനത്തിൽ സൗദിയുടെ വൻ കുതിപ്പ്; 20 ലക്ഷം ടൺ കടന്നു, കാർഷിക കയറ്റുമതിയിലും 21.5 ശതമാനം വളർച്ച"
english_title: "Saudi Date Production Surges Past 2 Million Tons as Agricultural Exports Rise"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392902/saudi-date-production-surges-agricultural-exports-rise"
published_at: "2026-11-23T20:10:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0450d111c40_saudi-date-production-surges-agricultural-exports-rise.jpg"
keywords: ["SaudiAgriculture", "DateProduction", "AgriculturalExports", "GulfEconomy", "StatisticsReport"]
---

# മരുഭൂമിയിൽ വിളവിന്റെ പെരുമഴ; ഈന്തപ്പഴ ഉത്പാദനത്തിൽ സൗദിയുടെ വൻ കുതിപ്പ്; 20 ലക്ഷം ടൺ കടന്നു, കാർഷിക കയറ്റുമതിയിലും 21.5 ശതമാനം വളർച്ച

> **Lead Summary:** റിയാദ്: സൗദി അറേബ്യയുടെ കാർഷിക മേഖലയിൽ വൻ മുന്നേറ്റം. 2025 ൽ രാജ്യത്തെ ഈന്തപ്പഴ ഉത്പാദനം മുൻവർഷത്തെ അപേക്ഷിച്ച് 7.6 ശതമാനം വർധിച്ച് 20 ലക്ഷം ടണ്ണിലധികമായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട 'അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്‌സ് 2025' റിപ്പോർട്ട് വ്യക്തമാക്കുന്നു.

## Article Content

റിയാദ്: സൗദി അറേബ്യയുടെ കാർഷിക മേഖലയിൽ വൻ മുന്നേറ്റം. 2025 ൽ രാജ്യത്തെ ഈന്തപ്പഴ ഉത്പാദനം മുൻവർഷത്തെ അപേക്ഷിച്ച് 7.6 ശതമാനം വർധിച്ച് 20 ലക്ഷം ടണ്ണിലധികമായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട 'അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്‌സ് 2025' റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് ആകെയുള്ള 37.9 ദശലക്ഷം ഈന്തപ്പനകളിൽ 34.7 ദശലക്ഷം എണ്ണം ഫലം നൽകുന്നവയാണ്. 11.1 ദശലക്ഷം മരങ്ങളുള്ള 'ഖലാസ്' ഇനത്തിലുള്ള ഈന്തപ്പഴമാണ് ഉത്പാദനത്തിൽ മുന്നിൽ (6,54,800 ടൺ). ഇതിൽ 10.2 ദശലക്ഷം മരങ്ങൾ ഫലം നൽകുന്നുണ്ട്.

രാജ്യത്തുനിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി 21.5 ശതമാനം വർധിച്ച് 6,14,000 ടണ്ണിലെത്തി. അതേസമയം, കാർഷിക വിളകളുടെ ഇറക്കുമതി 7.7 ശതമാനം വർധിച്ച് 20.2 ദശലക്ഷം ടണ്ണായി ഉയർന്നു. പച്ചക്കറി, ഫലവൃക്ഷ ഉത്പാദനത്തിലും സൗദി മികച്ച നേട്ടം കൈവരിച്ചു.

തുറസ്സായ സ്ഥലങ്ങളിലെ പച്ചക്കറി ഉത്പാദനം 5.5 ശതമാനം വർധിച്ച് 2.9 ദശലക്ഷം ടണ്ണിലെത്തി; ഉരുളക്കിഴങ്ങ് (6,53,000 ടൺ), തണ്ണിമത്തൻ (6,33,000 ടൺ) എന്നിവയാണ് ഇതിൽ മുന്നിൽ. ഗ്രീൻഹൗസുകളിലെ പച്ചക്കറി ഉത്പാദനം 3.8 ശതമാനം വർധിച്ച് 8,28,000 ടണ്ണായി. ഇതിൽ തക്കാളി 3,43,400 ടണ്ണും വെള്ളരിക്ക 2,40,900 ടണ്ണും ഉൾപ്പെടുന്നു.

ഈന്തപ്പനകൾ ഒഴികെയുള്ള സ്ഥിരമായ മരങ്ങളുടെ എണ്ണം 44.8 ദശലക്ഷത്തിലെത്തിയെന്നും ഇവയിൽ നിന്നുള്ള ഉത്പാദനം 4.7 ശതമാനം വർധിച്ച് 10 ലക്ഷം ടൺ കടന്നുവെന്നും റിപ്പോർട്ട് പറയുന്നു. 22.1 ദശലക്ഷം ഒലീവ് മരങ്ങളിൽ നിന്നായി 3,61,000 ടൺ ഒലീവ് ഉത്പാദിപ്പിച്ചു.

എന്നാൽ, ആകെ ധാന്യ ഉത്പാദനം 1.5 ദശലക്ഷം ടണ്ണിലെത്തിയെങ്കിലും, 65.8 ശതമാനം വിഹിതമുള്ള ഗോതമ്പിന്റെ ഉത്പാദനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 18.6 ശതമാനം കുറവുണ്ടായി (9,65,700 ടൺ). ജൈവകൃഷി മേഖലയിൽ നിന്നുള്ള ഉത്പാദനവും 11.5 ശതമാനം കുറഞ്ഞ് 87,000 ടണ്ണായി രേഖപ്പെടുത്തി.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ഫണ്ട്, സൗദി സെൻട്രൽ ബാങ്ക് എന്നിവയുടെ ഭരണപരമായ രേഖകളും 2025-ലെ കാർഷിക സർവേയും അടിസ്ഥാനമാക്കിയാണ് 'അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്‌സ് 2025' റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

Saudi Arabia’s date production rose 7.6% in 2025 to more than 2 million tons, according to the General Authority for Statistics. The report also shows agricultural exports up 21.5%, while vegetable and olive output recorded gains despite a decline in wheat and organic farming production.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392902/saudi-date-production-surges-agricultural-exports-rise)