---
title: "ബഹ്‌റൈനിൽ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ഇനി പ്രത്യേക അനുമതി നിർബന്ധം; കർശന നിബന്ധനകളുമായി ആരോഗ്യ മന്ത്രാലയം"
english_title: "Bahrain Makes Special Approval Mandatory for Organ Transplants"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393116/bahrain-organ-transplant-special-approval"
published_at: "2026-11-25T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0691c4525df_bahrain-organ-transplant-special-approval.jpg"
keywords: ["BahrainHealth", "OrganTransplant", "HealthMinistry", "NHRA", "MedicalRegulation"]
---

# ബഹ്‌റൈനിൽ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ഇനി പ്രത്യേക അനുമതി നിർബന്ധം; കർശന നിബന്ധനകളുമായി ആരോഗ്യ മന്ത്രാലയം

> **Lead Summary:** **മനാമ: ** മനുഷ്യാവയവങ്ങളും കോശങ്ങളും മാറ്റിവെക്കുന്ന ശസ്ത്രക്രിയകൾ നടത്തുന്നതിന് അനുമതി തേടുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് ബഹ്‌റൈൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആശുപത്രി സൗകര്യങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത, ചികിത്സാ നടപടിക്രമങ്ങൾ എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

**മനാമ: ** മനുഷ്യാവയവങ്ങളും കോശങ്ങളും മാറ്റിവെക്കുന്ന ശസ്ത്രക്രിയകൾ നടത്തുന്നതിന് അനുമതി തേടുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് ബഹ്‌റൈൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആശുപത്രി സൗകര്യങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത, ചികിത്സാ നടപടിക്രമങ്ങൾ എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. സാധാരണ ആരോഗ്യ സ്ഥാപന ലൈസൻസ് മാത്രം ഉപയോഗിച്ച് അവയവമാറ്റ ശസ്ത്രക്രിയകൾ നടത്താൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നിശ്ചിത ക്ലിനിക്കൽ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) പ്രത്യേക അനുമതി നൽകും.

ഓരോ സ്ഥാപനത്തിനും ഏതൊക്കെ അവയവങ്ങൾ മാറ്റിവെക്കാൻ അനുമതിയുണ്ടെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക പട്ടികയും എൻ.എച്ച്.ആർ.എ തയ്യാറാക്കും. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കർശന നിബന്ധനകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ശ്വാസകോശ രോഗ വിഭാഗം, പകർച്ചവ്യാധി വിഭാഗം, എൻഡോക്രൈനോളജി, ഇമ്മ്യൂണോളജി, ഹെമറ്റോളജി, പ്ലാസ്മാഫെറെസിസ്, ഡയാലിസിസ്, തീവ്രപരിചരണ വിഭാഗം (ഐ.സി.യു) എന്നിവ ആശുപത്രികളിൽ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ഇതുകൂടാതെ ലാമിനാർ എയർഫ്ലോ സംവിധാനമുള്ള രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ, രണ്ട് റിക്കവറി റൂമുകൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണത്തിനായി രണ്ട് പോസിറ്റീവ് പ്രഷർ റൂമുകൾ, ഫിസിയോതെറാപ്പി സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കണം. അംഗീകൃത എച്ച്.എൽ.എ ഹിസ്റ്റോകംപാറ്റിബിലിറ്റി ആൻഡ് ഇമ്മ്യൂണോജെനെറ്റിക്സ് ലബോറട്ടറി, പാത്തോളജി, മൈക്രോബയോളജി വിഭാഗങ്ങൾ, സി.ടി, എം.ആർ.ഐ, പെറ്റ് സ്കാൻ, ന്യൂക്ലിയർ മെഡിസിൻ, ഇന്റർവെൻഷണൽ റേഡിയോളജി, ബയോപ്സി തുടങ്ങിയ നൂതന പരിശോധനാ സൗകര്യങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്.

Bahrain’s Health Ministry has introduced strict new rules for hospitals seeking permission to perform human organ and tissue transplant surgeries. Only facilities that meet specified clinical, technical and infrastructure standards will be granted special approval by the NHRA.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393116/bahrain-organ-transplant-special-approval)