---
title: "സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ അപകടകരമായ ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലീസ്, വിട്ടുകിട്ടാൻ 50,000 ദിർഹം നൽകണം"
english_title: "Dangerous Driving for Viral Fame: Dubai Police Seize Vehicle, Demand Dh50,000 to Release It"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393521/dubai-police-seize-dangerous-driving-vehicle"
published_at: "2026-11-28T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a498ee3f39_dubai-police-seize-dangerous-driving-vehicle.jpg"
keywords: ["DubaiPolice", "DangerousDriving", "TrafficViolation", "RoadSafety", "SocialMedia"]
---

# സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ അപകടകരമായ ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലീസ്, വിട്ടുകിട്ടാൻ 50,000 ദിർഹം നൽകണം

> **Lead Summary:** ദുബൈ: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനായി അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളുടെ വാഹനം ദുബൈ പൊലീസ് പിടിച്ചെടുത്തു. അശ്രദ്ധമായി വാഹനമോടിക്കുക, നിശ്ചിത ലെയ്നിൽ തുടരാതിരിക്കുക, റോഡിന്‍റെ ഹാർഡ് ഷോൾഡറിലൂടെ മറികടക്കുക, വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി വെട്ടിച്ചു കയറുക തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളാണ് ഇയാൾ നടത്തിയത്.

## Article Content

ദുബൈ: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനായി അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളുടെ വാഹനം ദുബൈ പൊലീസ് പിടിച്ചെടുത്തു. അശ്രദ്ധമായി വാഹനമോടിക്കുക, നിശ്ചിത ലെയ്നിൽ തുടരാതിരിക്കുക, റോഡിന്‍റെ ഹാർഡ് ഷോൾഡറിലൂടെ മറികടക്കുക, വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി വെട്ടിച്ചു കയറുക തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളാണ് ഇയാൾ നടത്തിയത്.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രത്യേക ട്രാഫിക് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞ് പിടിച്ചെടുത്തത്.

ഡ്രൈവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചതായി ദുബൈ പൊലീസ് ജനറൽ ഡിപാർട്മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ അറിയിച്ചു. 2023ലെ ഡിക്രി നമ്പർ 30 പ്രകാരം, ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് 50,000 ദിർഹം പിഴയൊടുക്കേണ്ടിവരും.

പ്രശസ്തിക്കും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും പൊതുനിരത്തുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും നിയമം ലംഘിക്കുന്നതും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.

ഹാർഡ് ഷോൾഡറിലൂടെ മറികടക്കുന്നതും പെട്ടെന്ന് വാഹനം വെട്ടിച്ചുകയറുന്നതും വലിയ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകും. സമൂഹമാധ്യമങ്ങളിലെ ശ്രദ്ധക്ക് വേണ്ടി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നത് ന്യായീകരിക്കാനാവില്ല.

അപകടകരമായ ഡ്രൈവിങ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് യുവാക്കളെയും കൗമാരക്കാരെയും ഇത് അനുകരിക്കാൻ പ്രേരിപ്പിക്കും. ഗതാഗത നിയമലംഘനങ്ങളെ വിനോദമായി കാണരുത്. എല്ലാ വാഹനയാത്രക്കാരും വേഗപരിധി പാലിക്കുകയും കൃത്യമായ അകലം നിലനിർത്തുകയും ക്ഷമയോടെ വാഹനമോടിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

നിയമലംഘനങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന് പകരം, ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സേവനം വഴിയോ ‘വീ ആർ ഓൾ പൊലീസ്’ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചു.

സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും ഫീൽഡ് ടീമുകളും വഴി നിയമലംഘകരെ കണ്ടെത്താൻ കർശന നടപടികൾ തുടരുമെന്നും പൊതുസുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും ബ്രിഗേഡിയർ ബിൻ സുവൈദാൻ കൂട്ടിച്ചേർത്തു.

Dubai Police have seized a vehicle after its driver was caught performing dangerous maneuvers to gain attention on social media. Authorities said the car can be released only after paying a Dh50,000 fine under the 2023 decree, and warned against reckless driving on public roads.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393521/dubai-police-seize-dangerous-driving-vehicle)