---
title: "യുഎഇയുടെ 55-ാം ദേശീയദിനം; വർണാഭമായ അലങ്കാരങ്ങളുമായി അബുദാബി നഗരം"
english_title: "UAE's 55th National Day: Abu Dhabi Decked Out in Vibrant Decorations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393534/uae-55th-national-day-abu-dhabi-decorations"
published_at: "2026-11-28T10:46:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a64644d4fb_download.png"
keywords: ["UAENationalDay", "AbuDhabi", "EidAlEtihad", "CityDecor", "HeritageLights"]
---

# യുഎഇയുടെ 55-ാം ദേശീയദിനം; വർണാഭമായ അലങ്കാരങ്ങളുമായി അബുദാബി നഗരം

> **Lead Summary:** ****അബുദാബി: യുഎഇയുടെ 55-ാം ദേശീയദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് മുന്നോടിയായി വർണാഭമായ അലങ്കാരങ്ങളുമായി അബുദാബി നഗരം. പ്രധാന റോഡുകളും പാലങ്ങളും പൊതുസ്ഥലങ്ങളും ദേശീയദിനത്തിന്റെ നിറങ്ങളിലുള്ള ദീപാലങ്കാരങ്ങളാൽ മനോഹരമാക്കിയിട്ടുണ്ട്. ഡിസംബർ രണ്ടിന് നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച അലങ്കാരങ്ങൾ രാത്രികാല കാഴ്ചകൾക്ക് പ്രത്യേക ഭംഗിയേകുന്നു.

## Article Content

****അബുദാബി: യുഎഇയുടെ 55-ാം ദേശീയദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് മുന്നോടിയായി വർണാഭമായ അലങ്കാരങ്ങളുമായി അബുദാബി നഗരം. പ്രധാന റോഡുകളും പാലങ്ങളും പൊതുസ്ഥലങ്ങളും ദേശീയദിനത്തിന്റെ നിറങ്ങളിലുള്ള ദീപാലങ്കാരങ്ങളാൽ മനോഹരമാക്കിയിട്ടുണ്ട്. ഡിസംബർ രണ്ടിന് നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച അലങ്കാരങ്ങൾ രാത്രികാല കാഴ്ചകൾക്ക് പ്രത്യേക ഭംഗിയേകുന്നു.

അബുദാബി കോർണിഷ്, ഷെയ്ഖ് സായിദ് സ്ട്രീറ്റ്, അൽ മരിയ ഐലൻഡ് തുടങ്ങിയ പ്രധാന മേഖലകളിലാണ് അലങ്കാരങ്ങൾ ശ്രദ്ധേയമാകുന്നത്. യുഎഇ ദേശീയപതാകയിലെ ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങൾ ഉൾപ്പെടുത്തിയുള്ള രൂപകൽപ്പനകൾക്കൊപ്പം രാജ്യത്തിന്റെ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളും അലങ്കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തെരുവുവിളക്കുകളിൽ സ്ഥാപിച്ച പ്രകാശിതമായ അലങ്കാരങ്ങളും ഫാൽക്കൺ, ഈന്തപ്പനയോലകൾ, പരമ്പരാഗത കപ്പലുകൾ എന്നിവയുടെ രൂപത്തിലുള്ള ശിൽപങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

പ്രധാന റൗണ്ട് എബൗട്ടുകളിലും മറ്റും 55 എന്ന സംഖ്യ ഉൾപ്പെടുത്തിയ പ്രത്യേക അലങ്കാരങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള യാത്രയെ പ്രതീകപ്പെടുത്തുന്ന ആധുനിക രൂപകൽപ്പനകളിലാണ് ഇവ ഒരുക്കിയിരിക്കുന്നത്.

നഗരത്തിലെ പ്രധാന കെട്ടിടങ്ങളും ടൂറിസം കേന്ദ്രങ്ങളും ആഘോഷങ്ങളുടെ ഭാഗമായി പ്രകാശപൂരിതമാകും. ടവറുകൾ, സർക്കാർ കെട്ടിടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രകാശസംവിധാനങ്ങളും ലേസർ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതുപാർക്കുകളിലും വിനോദമേഖലകളിലും അബുദാബി സിറ്റി മുനിസിപ്പാലിറ്റി ത്രിമാന കലാരൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്കും കുടുംബങ്ങൾക്കും ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ പകർത്താനുള്ള സൗകര്യവും ഇവ ഒരുക്കുന്നു.

സ്വദേശികളും പ്രവാസികളും വിനോദസഞ്ചാരികളും ഒരുപോലെ ആസ്വദിക്കുന്ന ഈ ആഘോഷാന്തരീക്ഷം ഡിസംബർ രണ്ടിലെ യൂണിയൻ ദിനാഘോഷങ്ങളിലുടനീളം തുടരും.

Abu Dhabi has been adorned with colorful decorations ahead of the UAE’s 55th National Day, also known as Eid Al Etihad. Major roads, bridges, public spaces, and landmarks have been illuminated with designs reflecting the nation’s flag colors and heritage symbols.

The festivities include light displays, sculptures, and special installations featuring the number 55 across key areas such as Abu Dhabi Corniche, Sheikh Zayed Street, and Al Maryah Island. The celebrations are set to continue through December 2, drawing residents, expatriates, and tourists alike.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393534/uae-55th-national-day-abu-dhabi-decorations)