---
title: "യുഎഇ ദേശീയ ദിനത്തിൽ ഡ്രൈവർമാർക്ക് ആശ്വാസം; 4 ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരമൊരുക്കി അബുദാബി പോലീസ്"
english_title: "Abu Dhabi Police Offers Drivers Relief on UAE National Day With 4 Black Points Waiver"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393638/uae-national-day-black-points-waiver"
published_at: "2026-11-28T22:32:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b098a3650d_WhatsApp_Image_2026-11-28_at_10.33.39_PM.jpeg"
keywords: ["AbuDhabiPolice", "UAENationalDay", "BlackPoints", "RoadSafety", "CelebrateSafely"]
---

# യുഎഇ ദേശീയ ദിനത്തിൽ ഡ്രൈവർമാർക്ക് ആശ്വാസം; 4 ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരമൊരുക്കി അബുദാബി പോലീസ്

> **Lead Summary:** **** അബുദാബി: യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനമോടിക്കുന്നവർക്ക് നാല് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരമൊരുക്കി അബുദാബി പോലീസ്. ആഘോഷദിനങ്ങളിൽ ഗതാഗത നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് ലൈസൻസിലെ നാല് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാനാണ് 'സെലിബ്രേറ്റ് സേഫ്‌ലി' ക്യാമ്പയിനിലൂടെ അവസരമൊരുക്കുന്നത്.

## Article Content

**** അബുദാബി: യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനമോടിക്കുന്നവർക്ക് നാല് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരമൊരുക്കി അബുദാബി പോലീസ്. ആഘോഷദിനങ്ങളിൽ ഗതാഗത നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് ലൈസൻസിലെ നാല് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാനാണ് 'സെലിബ്രേറ്റ് സേഫ്‌ലി' ക്യാമ്പയിനിലൂടെ അവസരമൊരുക്കുന്നത്.

ആനുകൂല്യം ലഭിക്കാൻ ഡ്രൈവർമാർ അബുദാബി പോലീസിന്റെ ഔദ്യോഗിക പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത് ഗതാഗത സുരക്ഷാ പ്രതിജ്ഞ പൂർത്തിയാക്കണം. ഡിസംബർ 1 മുതൽ 3 വരെ ഗതാഗത നിയമലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാക്കാതെ വാഹനമോടിക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പാക്കാൻ പോലീസ് നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. ഗതാഗത തടസ്സമുണ്ടാക്കുക, അനുമതിയില്ലാതെ റാലികൾ സംഘടിപ്പിക്കുക, അപകടകരമായ രീതിയിൽ വാഹനമോടിക്കുക തുടങ്ങിയവ ഒഴിവാക്കണം.

വാഹനങ്ങളിലുള്ളവർ ജനലുകളിലൂടെയോ സൺറൂഫിലൂടെയോ തല പുറത്തേക്കിടരുത്. പാർട്ടി സ്പ്രേകൾ ഉപയോഗിക്കാനും അനുവാദമില്ല. വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്ന രീതിയിലോ മുൻവശത്തെയും വശങ്ങളിലെയും ഗ്ലാസുകളിൽ കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തിലോ സ്റ്റിക്കറുകൾ പതിപ്പിക്കരുതെന്നും നിർദേശമുണ്ട്.

വാഹനത്തിന്റെ നിറം മാറ്റുന്നതിനും അമിത ശബ്ദമുണ്ടാക്കുന്ന തരത്തിൽ എഞ്ചിനിൽ മാറ്റങ്ങൾ വരുത്തുന്നതിനും വിലക്കുണ്ട്. ദേശീയ ദിനാഘോഷങ്ങൾ സുരക്ഷിതവും ഉത്തരവാദിത്തപൂർണവുമാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393638/uae-national-day-black-points-waiver)