മനാമ : വയറിലൊളിപ്പിച്ച വന്‍ മയക്കുമരുന്ന് ശേഖരവുമായി പിടിയിലായ പ്രവാസി യുവാവിനെതിരെ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി.
21 വയസുകാരനായ യുവാവ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് പിടിയിലായത്. ഇയാളുടെ ശരീരത്തില്‍ നിന്ന് 100 ലഹരി ഗുളികകളാണ് കണ്ടെടുത്തത്.
വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ യുവാവ് പരിഭ്രാന്തനായിരുന്നുവെന്ന് കസ്റ്റംസ് ഓഫീസര്‍ പറഞ്ഞു. എന്നാല്‍ ലഗേജ് മുഴുവന്‍ വിശദമായി പരിശോധിച്ചിട്ടും സംശയകരമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഇയാള്‍ക്ക് പ്രവേശന അനുമതി നല്കാന് ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ 'എന്തെങ്കിലും വെളിപ്പെടുത്താനുണ്ടോ?' എന്ന് ഉദ്യോഗസ്ഥര്‍ ഇയാളോട് ചോദിച്ചപ്പോള്‍ 'ഞാന്‍ മയക്കുമരുന്ന് കൊണ്ടുവന്നിട്ടില്ല' എന്നായിരുന്നു മറുപടി. ഈ മറുപടി കേട്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കാര്യം പിടികിട്ടി.
ഇയാളെ എക്സ്റേ പരിശോധന നടത്തിയപ്പോഴാണ് വയറ്റില്‍ ക്യാപ്സ്യൂളുകള് കണ്ടെത്തിയത്. ഇതോടെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലെത്തിച്ച് എം.ആര്.ഐ സ്കാനിങ് പരിശോധന കൂടി നടത്തി മയക്കുമരുന്ന് വയറ്റിലുണ്ടെന്ന് ഉറപ്പു വരുത്തി.
പിന്നീട് ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ ഇയാള്‍ 100 മയക്കുമരുന്ന് ഗുളികകളും പുറത്തെടുത്തു. ബഹ്റൈനിലെ ബുഖുവയില് താമസിക്കുന്ന ഇയാള്‍ക്കെതിരെ മയക്കുമരുന്ന് രാജ്യത്തേക്ക് കൊണ്ടുവന്നതിനും വില്പന ലക്ഷ്യം വെച്ച് അവ കൈവശം വെച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു.
വലിയ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് കോടതി രേഖകള്‍ പറയുന്നു. പ്രാഥമിക വാദം കേട്ട കോടതി, കേസ് അടുത്ത ഞായറാഴ്ചയിലേക്ക് മാറ്റിവെച്ചു.
A large collection of intoxicating pills in the stomach; Expatriate youth arrested at airport