മസ്കത്ത് : ഒമാനില്‍ നികുതി സംബന്ധമായ ക്രമക്കേടുകള്‍ നടത്തിയ പ്രവാസിക്ക് 1000 റിയാല്‍ പിഴയും ഒരു മാസം ജയില്‍ ശിക്ഷയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തും. യഥാസമയം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ശിക്ഷ.
ഒമാനിലെ നികുതി നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ഒരു സ്ഥാപനത്തിനെതിരെ ബുറേമി വിലായത്തിലെ പ്രാഥമിക കോടതി നടപടി സ്വീകരിക്കുകയായിരുന്നു.
നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള 2009ലെ നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടിയെന്ന് ടാക്സ് അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
കമ്പനിയുടെ പാര്‍ട്ണര്‍മാരിലൊരാള്‍ നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഒമാനിലെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള സര്‍ക്കാര്‍ വകുപ്പിന് വിവരം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് ടാക്സ് അതോരിറ്റിയുടെ പക്കലുള്ള മറ്റ് വിവരങ്ങള്‍ കൂടി പരിശോധിച്ചപ്പോള്‍ ഇയാള്‍ നികുതി റിട്ടേണുകള്‍ നല്‍കിയിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
രേഖകളും തെളിവുകളും ശേഖരിച്ച ശേഷം കേസ്, കള്ളപ്പണം തടയുന്നതിനുള്ള പ്രത്യേക പ്രോസിക്യൂഷന് വിഭാഗത്തിന് കൈമാറി. പിന്നീട് കേസ് കോടതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയായിരുന്നു.
ബോധപൂര്‍വം തന്നെ ഇയാള്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കോടതിയും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി പിഴയും ജയില്‍ ശിക്ഷയും നാടുകടത്തലും വിധിച്ചത്.
Fines, imprisonment and deportation of expatriates for tax evasion