ദോഹ : യമൻ തീരത്ത് കടലിൽ ജീർണാവസ്ഥയിലുള്ള സാഫിർ എണ്ണ ടാങ്കർ സുരക്ഷിതമാക്കുന്നതിനുള്ള നടപടികളിലേക്കായി 20 ലക്ഷം ഡോളർ പ്രഖ്യാപിച്ച് ഖത്തർ.
യമൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയും നെതർലൻഡ് സർക്കാറും സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ നെതർലൻഡ്സിലെ ഖത്തർ അംബാസഡർ നാസർ ബിൻ ഇബ്രാഹീം അൽ ലൻജാവിയാണ് ഖത്തറിന്റെ ധനസഹായം പ്രഖ്യാപിച്ചത്.
യമനി തീരത്ത് കടലിലുള്ള സാഫിർ എണ്ണ ടാങ്കർ അറ്റകുറ്റപ്പണി സംബന്ധിച്ച് ബന്ധപ്പെട്ട അതോറിറ്റികളുമായി ചർച്ച നടത്തുന്ന ഐക്യരാഷ്ട്രസഭ ശ്രമങ്ങളെ അൽ ലൻജാവി പ്രശംസിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാനായി ഖത്തറിനെ ക്ഷണിച്ചതിൽ നെതർലൻഡ്സ് ഭരണാധികാരികൾക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള അൽ ഹുദൈദ തുറമുഖത്തുനിന്ന് 4.8 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന സാഫിർ എണ്ണ ടാങ്കറിൽ 11.4 ലക്ഷത്തോളം ബാരൽ എണ്ണയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2015 മുതൽ, കപ്പലിൽനിന്നുള്ള എണ്ണ നീക്കം ചെയ്യുന്നതും കപ്പലിലെ അകറ്റുപ്പണികൾ ചെയ്യുന്നതും നിർത്തിവെച്ചിരിക്കുകയാണ്.
ഇതുകാരണം കപ്പൽ ജീർണാവസ്ഥയിലാണുള്ളത്. എണ്ണ ടാങ്കറിലുണ്ടാകുന്ന ചോർച്ച മേഖലയിൽ വൻ പാരിസ്ഥിതിക ദുരന്തത്തിന് ഇടയാക്കുമെന്ന് ജി.സി.സി രാജ്യങ്ങൾ ഭയക്കുന്നുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാഫിര്‍ എണ്ണ ടാങ്കര്‍ ഏതുസമയവും ദുരന്തം വിതച്ചേക്കാവുന്ന ടൈം ബോംബായാണ് ലോകരാജ്യങ്ങൾ കണക്കാക്കുന്നത്.
അല്‍ഹുദൈദ തുറമുഖത്തിനുസമീപം നങ്കൂരമിട്ട എണ്ണ ടാങ്കര്‍ ഉയര്‍ത്തുന്ന പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് യമനിലേക്കുള്ള അമേരിക്കന്‍ ദൂതന് ടിം ലിന്ഡര്കിംഗുമായും യമനിലെ ഹ്യുമാനിറ്റേറിയന്‍ കോഓഡിനേറ്റര്‍ ഡേവിഡ് ഗ്രെസ്ലിയുമായും ജി.സി.സി സെക്രട്ടറി ജനറല്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
ജീര്‍ണാവസ്ഥയിലുള്ള കപ്പലില്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ നിന്ന് യു.എന്‍ സംഘത്തെ വര്‍ഷങ്ങളായി ഹൂതികള്‍ തടയുകയാണ്.
Qatar announces $ 20 million to reduce the risk of accidents