Oct 11, 2021 10:58 AM

ജിദ്ദ : ജിദ്ദ ബഗ്ദാദിയയിലെ പഴക്കമേറിയ ഒരു കെട്ടിടത്തിലാണ് മുഅ്മിനയും അവരുടെ ഏഴുമക്കളിൽ ആറു മക്കളും രണ്ടു പേരക്കുട്ടികളും ജീവിക്കുന്നത്. ഒരു മകൻ മുഅ്മിനയുടെ ജന്മനാടായ സോമാലിയയിലാണ്. പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദിന്റെയും മുഅ്മിനയുടെയും മക്കളാണിവർ.

പന്ത്രണ്ടു വർഷം മുമ്പ് നാട്ടിലേക്ക് പോയ അബ്ദുൽ മജീദ് പിന്നീട് തിരികെ എത്തിയില്ല. മജീദ് നാട്ടിലേക്ക് പോകുന്ന സമയത്ത് മുഅ്മിനയുടെ ചുറ്റിലും ആറു മക്കളുണ്ട്. ഒരാൾ വയറ്റിലും. പിന്നീട് മജീദ് തിരിച്ചെത്തിയില്ല.

പന്ത്രണ്ടു വർഷത്തിലേറെയായി മജീദ് പോയിട്ട്. രേഖകളില്ലാതെയാണ് ഈ കുട്ടികൾ ജീവിക്കുന്നത്. ഒരു രാജ്യത്തിന്റെയും രേഖയില്ലാത്ത കുട്ടികൾ. ജോലി പോലും ലഭിക്കില്ല. ഒരു വീട്ടിൽ ജോലിക്ക് പോയി ലഭിക്കുന്ന 700 റിയാൽ കൊണ്ടാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. വീടിന്റെ വാടകയ്ക്കും മറ്റു ചെലവുകൾക്കും കൈ നീട്ടണം.

ഹാജറയ്ക്ക് തന്റെ ഉപ്പയെക്കുറിച്ച് ഒരു പേരിനപ്പുറം മറ്റൊന്നുമറിയില്ല. എന്നെങ്കിലുമൊരിക്കല്‍ തന്നെ കാണാന്‍ വരുമെന്നുള്ള പ്രതീക്ഷയാണ് അവള്‍ക്ക് പിതാവ്. ഹാജറ മാത്രമല്ല സഹോദരങ്ങളായ ആറുപേരും പിതാവിന്റെ സ്‌നേഹവാത്സല്യം തീവ്രമായി ആഗ്രഹിക്കുന്നുണ്ട്. ഉപ്പ മടങ്ങി വരുമെന്ന് മക്കളെ ആശ്വസിപ്പിക്കാന്‍ ഒരു പൊയ്‍‍വാക്ക് പറയാന്‍ പോലും അവരുടെ ഉമ്മ മുഅ്മിനയ്ക്ക് കഴിയില്ല.

പ്രതീക്ഷകളറ്റ 12 വര്‍ഷക്കാലം ജീവിതത്തിന്റെ എല്ലാ നൊമ്പരങ്ങളും അനുഭവിച്ച മുഅ്മിനയ്ക്ക് ഇനി മുമ്പോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമാണ്. സൗദി അറേബ്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാള ദിനപ്പത്രമായ 'മലയാളം ന്യൂസ്' ആണ് മുഅ്മിനയുടെ ദുരിത ജീവിതം റിപ്പോര്‍ട്ട് ചെയ്തത്. സൊമാലിയന്‍ സ്വദേശിയായ മുഅ്മിനയുടെ ജീവിതത്തിന്റെ ഗതിമാറ്റിയത് ഒരു മലയാളിയാണ്, അബ്ദുല്‍ മജീദ്. ജിദ്ദയിലെ വീട്ടില്‍ മുഅ്മിന തന്റെ ജീവിതം പറയുമ്പോള്‍ ഒപ്പമുള്ള മക്കള്‍ ഉമ്മ നടന്ന കനല്‍വഴികളെ വീണ്ടുമൊരിക്കല്‍ കൂടി കേള്‍ക്കുന്നു...

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്നാണ് മുഅ്മിന ജിദ്ദയിലെത്തുന്നത്. വളരെ ചെറുപ്രായത്തില്‍ തന്നെ അവര്‍ ജിദ്ദയിലേക്ക് താമസം മാറി. കുടുംബത്തിനൊപ്പം ജീവിതം മുമ്പോട്ട് പോകുന്നതിനിടെയാണ് പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുല്‍ മജീദ് അവിചാരിതമായി മുഅ്മിനയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.

സുഹൃത്തിന്റെ കടയിലെ പരിചയം പിന്നീട് പ്രണയമായപ്പോള്‍ അബ്ദുല്‍ മജീദും മുഅ്മിനയും ഒന്നിച്ചൊരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ചു. അവര്‍ വിവാഹിതരായി. തന്റെ ജീവിതത്തെ തന്നെ കീഴ്‌മേല്‍ മറിക്കുന്ന ഒരു തീരുമാനമാകും വിവാഹമെന്ന് അന്ന് മുഅ്മിന ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല.

സ്‌നേഹവും സന്തോഷവും നിറഞ്ഞ ദാമ്പത്യ ജീവിതം. ആ ബന്ധത്തില്‍ അവര്‍ക്ക് ആറ് മക്കള്‍ ജനിച്ചു. ഏഴാമത്തെ മകള്‍ ഹാജറയെ ഗര്‍ഭം ധരിച്ച സമയം. പെട്ടെന്ന് ഒരു ദിവസം അബ്ദുല്‍ മജീദ് നാട്ടിലേക്ക് പോയി. റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോയ മജീദ് പിന്നെ മടങ്ങിയെത്തിയില്ല. മജീദ് നാട്ടിലെത്തിയ ശേഷമാണ് മുഅ്മിന വിവരം അറിഞ്ഞത്. ഭര്‍ത്താവ് തിരികെ വരുമെന്ന വിശ്വാസത്തില്‍ അവര്‍ ജീവിച്ചു. ഏഴാമത്തെ മകള്‍ ഹാജറ പിറന്നു, അവള്‍ വളര്‍ന്നു. അവളുടെ കണ്ണിന് കാഴ്ച മങ്ങുന്ന അസുഖവുമുണ്ട്.

അബ്ദുല്‍ മജീദ് തിരികെയെത്തിയില്ല. ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഹാജറയ്‌ക്കൊപ്പം ഹയാത്ത്, ഫൈസല്‍, ഫവാസ്, ഹനാന്‍, ഫഹദ്, ഹൈഫ എന്നീ സഹോദരങ്ങളും ഉപ്പയില്ലായ്മയുടെ എല്ലാ വേദനകളും അനുഭവിക്കുകയാണ്. ഫവാസ് ഒഴികെ ബാക്കി എല്ലാവരും ജിദ്ദ ബഗ്ദാദിയയിലെ ഇടിഞ്ഞുപൊളിയാറായ വീട്ടിലാണ് താമസിക്കുന്നത്.

എങ്ങനെയോ സൊമാലിയയില്‍ എത്തിയ ഫവാസ് മുഅ്മിനയുടെ അകന്ന ബന്ധുക്കള്‍ക്കൊപ്പമാണ് താമസം. ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കഴിയാന്‍ തിരികെ ജിദ്ദയിലേക്ക് വരണമെന്ന് അവന് ആഗ്രഹമുണ്ട്. ജീവിതത്തിന്റെ ദുരിതപര്‍വ്വം താണ്ടിയ മുഅമിനയ്ക്ക് മറ്റൊരു സങ്കടം കൂടിയുണ്ട്. ജനന സര്‍ട്ടിഫിക്കറ്റുകളും ഇഖാമയും ഉള്‍പ്പെടെ രാജ്യത്തെ ഒരു രേഖകളും മക്കള്‍ക്കില്ല. രേഖകളില്ലാതെ ജീവിക്കുന്നതിനാല്‍ ഏത് നിമിഷവും നിയമനടപടികള്‍ ഉണ്ടായേക്കാം എന്ന പേടിയിലാണ് അവര്‍.

ഒരുപക്ഷേ സൗദിയില്‍ നിന്ന് നാടുകടത്തപ്പെട്ടേക്കാം. ഒരിക്കല്‍ മകന്‍ ഫൈസല്‍ പൊലീസിന്റെ പിടിയില്‍പ്പെട്ട് യെമനിലേക്ക് നാടുകടത്തപ്പെട്ടിരുന്നു. വളരെയധികം പണിപ്പെട്ടാണ് തിരികെ സൗദിയിലെത്താന്‍ സാധിച്ചത്. ഇനിയും അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമോ എന്ന് മുഅ്മിന ആശങ്കപ്പെടുന്നു. രേഖകളില്ലാത്തതിനാല്‍ മക്കള്‍ക്ക് എവിടെയും ജോലി ചെയ്യാനും കഴിയില്ല. വീട്ടില്‍ നിന്ന് പലഹാരമുണ്ടാക്കി റോഡരികില്‍ വില്‍പ്പന നടത്തിയാണ് മുഅ്മിന മക്കളെ വളര്‍ത്തിയിരുന്നത്. എന്നാല്‍ ഒരു അപകടത്തില്‍ കാലിന് പരിക്കേറ്റ മുഅ്മിനയ്ക്ക് പിന്നീട് ആ ജോലി ചെയ്യാന്‍ കഴിഞ്ഞില്ല.

ഇതിനിടെ മൂത്ത മകള്‍ ഹയാത്തിനെ ഒരു സൊമാലിയന്‍ പൗരന്‍ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം വേര്‍പിരിയേണ്ടി വന്നു. രണ്ടു പേരക്കുട്ടികളും ഇന്ന് മുഅ്മിനയ്‌ക്കൊപ്പമാണ്. ജീവിതം എങ്ങനെയെങ്കിലും മുമ്പോട്ട് കൊണ്ടുപോകാനായി മകള്‍ ഹനാന്‍ ഒരു വീട്ടില്‍ ജോലിക്ക് പോയി തുടങ്ങി. അവിടെ നിന്നും ലഭിക്കുന്ന 700 റിയാലാണ് ഇന്ന് ഈ കുടുംബത്തിന്റെ ഏക വരുമാനം. വാടകയും വൈദ്യുതി ബില്ലും കൊടുക്കാന്‍ ആരെങ്കിലും സഹായിക്കേണ്ട അവസ്ഥ. കൊവിഡ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങാന്‍ തവല്‍ക്കന ആപ്പ് നിര്‍ബന്ധമാക്കിയതോതോടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുകയാണ് ഈ അമ്മയ്ക്കും മക്കള്‍ക്കും.

കൊവിഡ് കാലത്ത് വയറുവിശന്നാല്‍ കുട്ടികള്‍ ഭക്ഷണം തേടി വിളിക്കുന്നത് വേങ്ങര സ്വദേശി അബ്ദുല്‍ സലാമിനെയാണ്. വിശന്നുകരയുന്ന കുട്ടികള്‍ക്ക് അയാള്‍ ആഹാരം വാങ്ങി നല്‍കും. സ്വന്തം പിതാവ് ജീവിച്ചിരിക്കെ അനാഥരായി വളരേണ്ടി വരുന്ന കുട്ടികള്‍ക്ക് നേരെ കരുണയുടെ കരം നീട്ടിയ ഒരാള്‍.

ജിദ്ദയിലെ പ്രമുഖ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ് അബ്ദുല്‍ മജീദ് എന്നാണ് മുഅ്മിന പറയുന്നത്. ഒരു മുന്നറിയിപ്പും ഇല്ലാതെ മജീദ് നാട്ടിലേക്ക് മടങ്ങിയതോടെ ഇവരുടെ ജീവിതം വഴിമുട്ടി. മുഅ്മിനയ്ക്കും മക്കള്‍ക്കും ചെലവിനുള്ള പണം തുടക്കത്തില്‍ എത്തിച്ചിരുന്നെങ്കിലും പിന്നെ അതുണ്ടായിട്ടില്ല.

ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ മുജീബ് കണ്ടൂരും സഹപ്രവര്‍ത്തകരും ഇടപെട്ടതോടെ കുറച്ച് പണം കൂടി അയച്ചു. എന്നാല്‍ വൈകാതെ അതും നിലച്ചു. നാട്ടിലെ സ്ഥലം വിറ്റ കിട്ടുന്ന പണം ഭാര്യയ്ക്കും മക്കള്‍ക്കും അയയ്ക്കാമെന്ന് മജീദ് ഒരിക്കല്‍ അറിയിച്ചു. ഉംറ വിസയിലെത്തി മക്കളെയും ഭാര്യയെയും കാണാമെന്ന് പറഞ്ഞിരുന്നു. എല്ലാം വാഗ്ദാനങ്ങളായി ഒതുങ്ങി. ഒരുനോക്ക് കാണാന്‍ പോലും ഉപ്പ വന്നില്ലെങ്കിലും ഇപ്പോഴും ഈ മക്കള്‍ക്ക് ഉപ്പയ്‌ക്കൊപ്പം കേരളത്തിലെത്തി ജീവിക്കണമെന്നാണ് ആഗ്രഹം.

രേഖകളില്ലാതെ, യാതൊരു സന്തോഷങ്ങളും അറിയാതെ കരഞ്ഞു വറ്റിയ ഉമ്മയുടെ കണ്ണുകളിലെ നിസ്സഹായത കണ്ടുകൊണ്ടാണ് അവരുടെ ദിവസങ്ങള്‍ മുമ്പോട്ട് പോകുന്നത്. രേഖകളുണ്ടായിരുന്നെങ്കില്‍ മക്കള്‍ക്ക് ജോലി എങ്കിലും കിട്ടിയേനെ എന്നാണ് മുഅ്മിന പറയുന്നത്. ജീവിതം തന്നെ ഒരു തുലാസ്സില്‍ ആടുമ്പോള്‍ ഭാവിയെക്കുറിച്ച് ആശങ്കകളല്ലാതെ മറ്റൊന്നും ആ സ്ത്രീയ്ക്കില്ല. തന്നെ വിശ്വസിച്ച സ്ത്രീയെയും അവരില്‍ പിറന്ന മക്കളെയും ഉപേക്ഷിച്ച് നാടുവിട്ട അബ്ദുല്‍ മജീദ് ഉള്ളുലയാതെ എങ്ങനെ ഇത് വായിച്ച് തീര്‍ക്കും!

story of somalian lady with seven children

Next TV

Top Stories