---
title: "സ്കൂളില്‍ പോകുന്നതിനിടെ വാഹനാപകടം; രണ്ട് കുട്ടികള്‍ മരിച്ചു"
english_title: "Car accident while going to school; Two children died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/46539/car-accident-while-going-to-school-two-children-died"
published_at: "2022-06-01T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629774ccca227_ACCIDENT.jpg"
keywords: []
---

# സ്കൂളില്‍ പോകുന്നതിനിടെ വാഹനാപകടം; രണ്ട് കുട്ടികള്‍ മരിച്ചു

> **Lead Summary:** **ഫുജൈറ:** യുഎഇയില്‍ സ്കൂളില്‍ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ഫുജൈറയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. രണ്ട് സ്വദേശി കുട്ടികളാണ് മരിച്ചത്. അല്‍ സെയ്ജി ഏരിയയിലാണ് സംഭവം.

## Article Content

**ഫുജൈറ:** യുഎഇയില്‍ സ്കൂളില്‍ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ഫുജൈറയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. രണ്ട് സ്വദേശി കുട്ടികളാണ് മരിച്ചത്. അല്‍ സെയ്ജി ഏരിയയിലാണ് സംഭവം.

കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറില്‍ ആകെ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍, അഞ്ചു വയസ്സിനും 11 വയസ്സിനും ഇടയിലുള്ള അഞ്ച് കുട്ടികള്‍, ആയ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

അപകടത്തില്‍ പരിക്കേറ്റവരെ അല്‍ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6.30തിനാണ് വാഹനാപകടം സംബന്ധിച്ച വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. അല്‍ ദൈദിലെ താമസക്കാരായ കുട്ടികളാണ് മരണപ്പെട്ടത്.

ഇവരെ രാവിലെ 7.15ഓടെയാണ് അല്‍ ദൈദ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ഒരു സ്ത്രീ ഓടിച്ചിരുന്ന കാറുമായാണ് കുട്ടികള്‍ സഞ്ചരിച്ച വാഹനം ഇടിച്ചത്. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ ഫുജൈറ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/46539/car-accident-while-going-to-school-two-children-died)