---
title: "അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു; ഒമാനില്‍ രണ്ട് പേര്‍ അറസ്റ്റില്‍"
english_title: "Pornographic videos shared on social media; Two arrested in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49351/pornographic-videos-shared-on-social-media-two-arrested-in-oman"
published_at: "2022-06-17T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac24e591809_POLICE.jpg"
keywords: []
---

# അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു; ഒമാനില്‍ രണ്ട് പേര്‍ അറസ്റ്റില്‍

> **Lead Summary:** **മസ്‍‍കത്ത്: **അശ്ലീല വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇരുവരും അശ്ലീല വീഡിയോകളുടെ വില്‍പന പ്രോത്സാഹിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

## Article Content

**മസ്‍‍കത്ത്: **അശ്ലീല വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇരുവരും അശ്ലീല വീഡിയോകളുടെ വില്‍പന പ്രോത്സാഹിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അറസ്റ്റിലായ രണ്ട് പേരും അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇത്തരം വീഡിയോകള്‍ വില്‍പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അറസ്റ്റിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങളൊന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ വെളിപ്പെടുത്തിയിട്ടില്ല. പൊതുമര്യാദകളും സാമൂഹിക മൂല്യങ്ങളും രാജ്യത്തെ എല്ലാവരും പാലിക്കണമെന്നും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പോണ്‍ വീഡിയോകള്‍ ഒമാനില്‍ പൂര്‍ണമായി നിയമ വിരുദ്ധമാണ്. ഓണ്‍ലൈനിലൂടെയോ അതല്ലാത്ത മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയോ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49351/pornographic-videos-shared-on-social-media-two-arrested-in-oman)