---
title: "പിടിവാശിയുമായി പിതാവ്, ശല്യമെന്ന് മകൻ; പരാതിപ്പെട്ട് 17 കാരൻ"
english_title: "Stubborn father, son abusive; 17-year-old complains"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51/stubborn-father-son-abusive-17-year-old-complains"
published_at: "2021-09-18T21:13:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6146097b51701_Untitled-2.jpg"
keywords: []
---

# പിടിവാശിയുമായി പിതാവ്, ശല്യമെന്ന് മകൻ; പരാതിപ്പെട്ട് 17 കാരൻ

> **Lead Summary:** **ദുബായ് : **കോളജ് പഠനത്തിൽ സ്വന്തം പിതാവ് അനാവശ്യ ഇടപെടൽ നടത്തി എന്ന് പരാതിപ്പെട്ട് 17 കാരൻ ദുബായ് പൊലീസിനെ സമീപിച്ചു.

## Article Content

**ദുബായ് : **കോളജ് പഠനത്തിൽ സ്വന്തം പിതാവ് അനാവശ്യ ഇടപെടൽ നടത്തി എന്ന് പരാതിപ്പെട്ട് 17 കാരൻ ദുബായ് പൊലീസിനെ സമീപിച്ചു.

പരാതി ഫയലിൽ സ്വീകരിച്ച പൊലീസ് തുടരന്വേഷണം നടത്തുകയും 2016ലെ ഫെഡറൽ നിയമം നമ്പർ 3 ആർടിക്കിൾ (12–വദീമാ നിയമം) പ്രകാരം കുട്ടിയുടെ അവകാശം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കുട്ടിയുടെ അവകാശം പിതാവിനാൽ ഹനിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തി.

മാതാവിനോടൊപ്പം മകൻ തങ്ങളെ സമീപിച്ചുവെന്നും തന്റെ പാത പിന്തുടരാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള പിതാവിന്റെ നിർബന്ധം കാരണം വളരെയധികം ആശങ്കയുണ്ടെന്നും പറഞ്ഞതായി വനിതാ ശിശു സംരക്ഷണ വിഭാഗം മേധാവി മൈത മുഹമ്മദ് അൽ ബലൂഷി പറഞ്ഞു.

താൻ പഠിച്ച കോളജിൽ മകനെ പഠിപ്പിക്കാനായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാൽ, അതിനുമാത്രം മികവ് മകനുണ്ടായിരുന്നില്ല. അതുകൊണ്ട് ഹൈസ്കൂൾ ക്ലാസിൽ തന്നെ വീണ്ടും പഠിക്കാനായിരുന്നു അദ്ദേഹം നിർബന്ധിച്ചത്.

പിതാവിന്റെ നിലയിൽ മകൻ അഭിമാനിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിയാത്തതിൽ ഖേദവുമുണ്ട്.

ഉടൻ തന്നെ പിതാവിനെ ബന്ധപ്പെട്ട് മകന്റെ അവകാശങ്ങൾ സംരക്ഷിച്ചുകൊടുക്കാൻ നിർദേശിച്ചതായും അൽ ബലൂഷി പറഞ്ഞു. അതോടൊപ്പം, പിതാവിന്റെ വികാരം പരിഗണിച്ച് അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ മകനെ ഉപദേശിക്കുകയും ചെയ്തു. ഇതോടെ പിതാവ് എല്ലാം മകന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നു. നിയമനടപടികളിലേയ്ക്ക് പോകാതെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51/stubborn-father-son-abusive-17-year-old-complains)