ദോഹ : ഖത്തറില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത ശീതീകരിച്ച മത്സ്യങ്ങളുടെ വന്‍ ശേഖരം ദോഹ മുന്‍സിപ്പാലിറ്റിയിലെ ഹെല്‍ത്ത് കണ്ട്രോള് വിഭാഗം പിടിച്ചെടുത്തു. വ്യവസായ മേഖലയില്‍ ഒരു കമ്പനിയുടെ വെയര്‍ഹൗസില്‍ നിന്നാണ് ലേബലോ മറ്റ് വിവരങ്ങളോ ഇല്ലാത്ത വലിയ അളവില്‍ മത്സ്യം കണ്ടെടുത്തത്.
സംഭവത്തില്‍ അടിയന്തര നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിയമലംഘന റിപ്പോര്‍ട്ട് പുറപ്പെടുവിക്കുകയും പിടിച്ചെടുത്ത മുഴുവന്‍ മീനുകളും നശിപ്പിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഹെല്‍ത്ത് കണ്ട്രോള് വിഭാഗം നിരവധി പരിശോധനകള്‍ നടത്തിയിരുന്നു.
ഭക്ഷ്യസാധനങ്ങളുടെ നിര്‍മ്മാണം, സംഭരണം, പാക്കേജിങ് എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യങ്ങളും ചൂടുള്ള ഭക്ഷണസാധനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ബാഗില്‍ പാക്ക് ചെയ്യുന്നതായും കണ്ടെത്തി.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ കണ്ടെത്തി. ഒക്ടോബറില്‍ 1,650 പരിശോധനകള്‍ നടത്തിയതില്‍ നിന്ന് 55 നിയമലംഘനങ്ങളാണ് പിടികൂടിയത്. തുടര്‍ന്ന് ഏഴ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 65 സാമ്പിളുകള്‍ നശിപ്പിച്ചു കളഞ്ഞു.
Large stock of inedible fish seized in Qatar