---
title: "സഹിഷ്ണുതയുടെ ഭൂമികയിലേയ്ക്ക് ലോകത്തെ മുഴുവൻ സ്വാഗതം ചെയ്ത് ഷെയ്ഖ് മുഹമ്മദ്"
english_title: "Sheikh Mohammed welcomed the whole world to the land of tolerance"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/591/sheikh-mohammed-welcomed-the-whole-world-to-the-land-of-tolerance"
published_at: "2021-09-30T22:12:00+05:30"
category: "UAE"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155e984a6756_shaiykh muhammed.jpg"
keywords: []
---

# സഹിഷ്ണുതയുടെ ഭൂമികയിലേയ്ക്ക് ലോകത്തെ മുഴുവൻ സ്വാഗതം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

> **Lead Summary:** **ദുബായ് : **സഹിഷ്ണുതയുടെ ഭൂമികയിലേയ്ക്ക് ലോകത്തെ മുഴുവൻ സ്വാഗതം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ്പോ 2020 ദുബായ് ഇന്ന് (വ്യാഴം) വൈകിട്ട് ഉദ്ഘാടനം നടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം യുഎഇയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തത്.

## Article Content

**ദുബായ് : **സഹിഷ്ണുതയുടെ ഭൂമികയിലേയ്ക്ക് ലോകത്തെ മുഴുവൻ സ്വാഗതം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ്പോ 2020 ദുബായ് ഇന്ന് (വ്യാഴം) വൈകിട്ട് ഉദ്ഘാടനം നടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം യുഎഇയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തത്.

ഇങ്ങനെ സ്വാഗതം ചെയ്യാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നതായും ഷെയ്ഖ് മുഹമ്മദ് അൽ ബയാൻ അറബിക് ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 192 രാജ്യങ്ങളുടെ പ്രതിനിധികളെ സഹിഷ്ണുതയുടെ ദേശത്തേയ്ക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, മാനവികതയ്ക്ക് രാജ്യാന്തര സഹകരണം ആവശ്യമായ സാഹചര്യത്തിൽ ആഗോള വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.

ആറു മാസം നീണ്ടുനിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിപാടിക്ക് കഴിഞ്ഞ 10 വർഷം നമ്മൾ നടത്തിയ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായുള്ള ദേശീയ അഭിമാനമാണിത്. ഈ യാത്ര യുഎഇയോടുള്ള ആഗോള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. മനുഷ്യരാശിയെ സേവിക്കാൻ ഏറ്റെടുക്കുന്ന ഏതൊരു ദൗത്യത്തിലും സ്ഥാനത്തിലും മികവ് പുലർത്താനുള്ള അസാധാരണമായ കഴിവ് എമിറാത്തികൾ വീണ്ടും വീണ്ടും തെളിയിച്ചു.

യുഎഇ ഒരു ഫലവൃക്ഷമാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. ഈ ഗ്രഹത്തിന് ഒരു നല്ല നാളെയെക്കുറിച്ച് സ്വപ്നം കാണുന്ന എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയും. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ തന്ത്രങ്ങളുടെ ഫലം ഇന്ന് ഞങ്ങൾ കൊയ്യുന്നു. ഇതാണ് നിങ്ങളുടെ ഫലം. വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാനുള്ള നിങ്ങളുടെ കാഴ്ചപ്പാടിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് ലോകത്തിന്റെ ആത്മവിശ്വാസമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/591/sheikh-mohammed-welcomed-the-whole-world-to-the-land-of-tolerance)