---
title: "ടെസ്റ്റ്‌ ഡ്രൈവിനായി കൊണ്ടുപോയ കടന്നു കളഞ്ഞു; പ്രതി അറസ്റ്റില്‍ "
english_title: "Taken for test drive; Defendant arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/6056/taken-for-test-drive-defendant-arrested"
published_at: "2021-10-19T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ed78d08f7d_sharja.jpg"
keywords: []
---

# ടെസ്റ്റ്‌ ഡ്രൈവിനായി കൊണ്ടുപോയ കടന്നു കളഞ്ഞു; പ്രതി അറസ്റ്റില്‍ 

> **Lead Summary:** **ഷാർജ**∙ ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ കാറുമായി കടന്നുകളഞ്ഞയാളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശിയുടെ 2020 മോഡൽ ലാൻഡ് ക്രൂയിസർ കാറുമായിട്ടാണ് പ്രതി മുങ്ങിയത്. കാർ വാങ്ങാനെന്ന് പറഞ്ഞായിരുന്നു പ്രതി സ്വദേശിയെ സമീപിച്ചത്.

## Article Content

**ഷാർജ**∙ ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ കാറുമായി കടന്നുകളഞ്ഞയാളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശിയുടെ 2020 മോഡൽ ലാൻഡ് ക്രൂയിസർ കാറുമായിട്ടാണ് പ്രതി മുങ്ങിയത്. കാർ വാങ്ങാനെന്ന് പറഞ്ഞായിരുന്നു പ്രതി സ്വദേശിയെ സമീപിച്ചത്.

വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യണമെന്ന് അഭ്യർഥിക്കുകയും കാറുടമയ്ക്ക് രണ്ടര ലക്ഷം ദിർഹത്തിന്റെ വ്യാജ ചെക്ക് ഈടായി നൽകുകയും ചെയ്തു. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും തിരികെ വരാതിരുന്നപ്പോൾ മൊബൈൽ ഫോ‌ണിലേയ്ക്ക് വിളിച്ചെങ്കിലും  സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടർന്ന് ഷാർജ പൊലീസിൽ പരാതി നൽകി.

**പ്രതികളുടെ താവളത്തിൽ  വ്യാജ ചെക്കുബുക്കുകളും സ്റ്റാംപുകളും**

പൊലീസ് അന്വേഷണത്തിൽ പ്രതിയെ മറ്റു നാലു പേർ സഹായിച്ചതായി കണ്ടെത്തുകയും 5 പേരെയും റാസൽഖൈമയിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർ റാസൽഖൈമയിലെ ഒരു പ്രത്യേക സ്ഥലത്ത് പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എല്ലാവരും വ്യത്യസ്ത അറബ് രാജ്യക്കാരാണെന്നും കണ്ടെത്തി. റാസൽഖൈമ പൊലീസിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ സ്റ്റിങ് ഓപറേഷൻ നടത്തിയത്.   

പ്രതികളുടെ താമസ സ്ഥലത്ത് നിന്ന് ഒട്ടേറെ വ്യാജ ചെക്ക്ബുക്കുകളും വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാംപുകളും കണ്ടെടുത്തിട്ടുണ്ട്. കാർ മോഷണം പോയ വിവരം വളരെ പെട്ടെന്ന് തന്നെ പൊലീസിൽ അറിയിച്ചതിനാലാണു പ്രതികളെ ഉടൻ പിടികൂടാൻ സാധിച്ചതെന്ന് സിഐഡി ഡയറക്ടർ കേണൽ ഉമർ അഹമദ് അബു സൂദ് പറഞ്ഞു. ഇത്തരം കച്ചവടത്തിലേർപ്പെടുന്നതിന് മുൻപ് ആവശ്യക്കാരെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/6056/taken-for-test-drive-defendant-arrested)