---
title: "ലൈറ്റിങ് ഉപകരണത്തിനുള്ളില്‍ ഒളിപ്പിച്ച് വന്‍ മയക്കുമരുന്ന് കടത്ത്; പിടിച്ചെടുത്തത് 81,000 ലഹരി ഗുളികകള്‍"
english_title: "Large-scale drug trafficking by hiding inside lighting equipment; 81,000 drug pills were seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/62930/large-scale-drug-trafficking-by-hiding-inside-lighting-equipment-81000-drug-pills-were-seized"
published_at: "2022-08-20T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300739d32474_drug.jpg"
keywords: []
---

# ലൈറ്റിങ് ഉപകരണത്തിനുള്ളില്‍ ഒളിപ്പിച്ച് വന്‍ മയക്കുമരുന്ന് കടത്ത്; പിടിച്ചെടുത്തത് 81,000 ലഹരി ഗുളികകള്‍

> **Lead Summary:** **ദോഹ: **ഖത്തറില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള ലഹരി ഗുളികകളാണ് ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‍സ് വിഭാഗം അധികൃതര്‍ പിടിച്ചെടുത്തത്.

## Article Content

**ദോഹ: **ഖത്തറില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള ലഹരി ഗുളികകളാണ് ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‍സ് വിഭാഗം അധികൃതര്‍ പിടിച്ചെടുത്തത്.

81,568 ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ആകെ 13.25 കിലോഗ്രാം ഭാരമുണ്ട്. ലൈറ്റിങ് ഉപകരണത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ലഹരി ഗുളികകള്‍ കടത്തിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കളും പ്രതിയെയും തുടര്‍ നിയമ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിലെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി.

സമാന രീതിയില്‍ കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു പാര്‍സലിലായിരുന്നു ലഹരി ഗുളികകള്‍ ഒളിപ്പിച്ചിരുന്നത്.

ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‍സ് വിഭാഗമാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തത്. വിശദമായ പരിശോധനയില്‍ രണ്ട് തരത്തിലുള്ള ലഹരി ഗുളികകള്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു.

ഒരു വിഭാഗത്തില്‍ പെടുന്ന 560 ലഹരി ഗുളികകളും മറ്റൊരു തരത്തിലുള്ള 289 ഗുളികകളുമാണ് കണ്ടെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്‍തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/62930/large-scale-drug-trafficking-by-hiding-inside-lighting-equipment-81000-drug-pills-were-seized)