---
title: "മാളില്‍ വെച്ച് സ്‍ത്രീയെ അപമാനിച്ച പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു "
english_title: "A non-resident youth was sentenced for insulting a woman in the mall"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/63266/a-non-resident-youth-was-sentenced-for-insulting-a-woman-in-the-mall"
published_at: "2022-08-22T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6302f0478b103_dubaicourt.jpg"
keywords: []
---

# മാളില്‍ വെച്ച് സ്‍ത്രീയെ അപമാനിച്ച പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു 

> **Lead Summary:** **ദുബൈ : **ഷോപ്പിങ് മാളില്‍ വെച്ച് സ്‍ത്രീയെ അപമാനിക്കുകയും അവരുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‍ത സംഭവത്തില്‍ യുവാവിന് ആറ് മാസം തടവ്.

## Article Content

**ദുബൈ : **ഷോപ്പിങ് മാളില്‍ വെച്ച് സ്‍ത്രീയെ അപമാനിക്കുകയും അവരുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‍ത സംഭവത്തില്‍ യുവാവിന് ആറ് മാസം തടവ്.

32 വയസുകാരനായ പ്രവാസിയെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ദുബൈ പ്രൊഡക്ഷന്‍ സിറ്റിയിലെ ഒരു ഷോപ്പിങ് മാളില്‍ വെച്ചായിരുന്നു സംഭവം.

പരാതിക്കാരിയായ യുവതി മാളില്‍ നിന്ന് പുറത്തിറങ്ങാന്‍ നേരത്താണ് ഇയാള്‍ ശല്യം ചെയ്‍തത്. തന്നെ പിറകില്‍ നിന്ന് ഉപദ്രവിക്കുകയും ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‍തതായി യുവതി പൊലീസിനോട് പറഞ്ഞു.

ബാഗില്‍ യുവതിയുടെ ഔദ്യോഗിക രേഖകളും പണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് ഉണ്ടായിരുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‍തു.നേരത്തെയും ഇയാള്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.

ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ സമ്മതിച്ച യുവാവ്, തനിക്ക് പണം ആവശ്യമായിരുന്നെന്നും അതുകൊണ്ടാണ് മോഷണം നടത്താന്‍ ശ്രമിച്ചതെന്നും മൊഴി നല്‍കി. തുടര്‍ന്നാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/63266/a-non-resident-youth-was-sentenced-for-insulting-a-woman-in-the-mall)