65 കഴിഞ്ഞ വിദേശികള്‍ കുവൈത്തില്‍ ഔട്ട്…

കുവൈത്ത് സിറ്റി; ആരോഗ്യമന്ത്രാലയത്തില്‍ 65 വയസ്സിനുമുകളിലുള്ള വിദേശികളെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് ഉത്തരവിട്ടു. നിലവിലുള്ള കരാര്‍ കാലാവധി അവസാനിക്കുന്നതോടെയാകും പിരിച്ചുവിടല്‍. ഡോക്ടര്‍മാരുടെ കാര്യത്തില്‍ അവരുടെ അവസാനത്തെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനമികവ് വിലയിരുത്തി മന്ത്രാലയത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം ഉപാധികള്‍ക്കു വിധേയമായി പിരിച്ചുവിടേണ്ടതില്ലെന്നും ഉത്തരവിലുണ്ട്.

വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 70 തികയുംവരെ പരമാവധി അഞ്ച് തവണയാകും അത്തരക്കാര്‍ക്ക് സേവനകാലാവധി നീട്ടിനല്‍കല്‍. അതിനായി ബന്ധപ്പെട്ട വ്യക്തിയുടെ അപേക്ഷയും ആശുപത്രി മാനേജരുടെയും അതതു വകുപ്പു തലവന്റെ അപേക്ഷയും സമര്‍പ്പിക്കണം. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും കൂടുതല്‍ സ്വദേശികള്‍ക്ക് അവസരം ലഭ്യമാക്കുന്നതിന് വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന നയത്തിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. അതിനിടെ വിദേശ എന്‍ജിനീയര്‍മാരുടെ താമസാനുമതി പുതുക്കല്‍ കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ സമ്മതപത്രത്തോടുകൂടി മാത്രമാകണമെന്ന് മാന്‍പവര്‍ ജനറല്‍ അതോറ്റി ഉത്തരവിട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

വിദേശ എന്‍ജിനീയര്‍മാരുടെ നിയമനം സുതാര്യമാക്കാന്‍ ഇ-റജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു കഴിഞ്ഞദിവസം അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം സ്വകാര്യ സ്ഥാപനങ്ങളിലെ ഭരണനിര്‍വഹണ വിഭാഗം (Administrative) ജോലികള്‍ സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അധികൃതര്‍ നടപടി തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

വിശദമായ റിപ്പോര്‍ട്ട് സിവില്‍ സര്‍വീസ് കമ്മിഷന് ലഭ്യമാക്കാന്‍ മന്ത്രിസഭാ യോഗം എല്ലാ മന്ത്രാലയങ്ങള്‍ക്കും താമസിയാതെ നിര്‍ദേശം നല്‍കും. സ്വകാര്യമേഖലയിലെ തൊഴില്‍ സ്വദേശികള്‍ക്കു കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളും തയാറാക്കുന്നുണ്ട്. ഭരണനിര്‍വഹണ വിഭാഗത്തില്‍ എച്ച്ആര്‍, പിആര്‍, റിസപ്ഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ സ്വദേശികള്‍ക്കു കൂടുതല്‍ അവസരം ഉറപ്പാക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *