---
title: "അഴിമതി നടത്തിയ 76 സർക്കാരുദ്യോഗസ്ഥർ അറസ്റ്റിൽ"
english_title: "76 government officials arrested for corruption"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65173/76-government-officials-arrested-for-corruption"
published_at: "2022-08-30T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630de18d06427_nazaha.jpg"
keywords: []
---

# അഴിമതി നടത്തിയ 76 സർക്കാരുദ്യോഗസ്ഥർ അറസ്റ്റിൽ

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയിൽ കൈക്കൂലി വ്യാജരേഖ ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ എഴുപത്തിയാറ് പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി.

## Article Content

**റിയാദ്:** സൗദി അറേബ്യയിൽ കൈക്കൂലി വ്യാജരേഖ ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ എഴുപത്തിയാറ് പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി.

കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും പേർ പിടിയിലായത്. ആഭ്യന്തര ആരോഗ്യ നീതിന്യായ,വിദ്യഭ്യാസ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. സൗദി കണ്ട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ അഥവ നസഹയാണ് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തു വിട്ടത്.

കഴിഞ്ഞ ഒരു മാസത്തിനിടെ എഴുപത്തിയാറ് പേരെ കമ്മീഷൻ അറസ്റ്റ് ചെയ്തതായി നസഹ അറിയിച്ചു. സ്വദേശികളും വിദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടും. അഴിമതി, അധികാര ദുര്വിനിയോഗം, കൈക്കൂലി, വ്യാജ രേഖ ചമക്കൽ, കള്ളപ്പണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്.

ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ ഗ്രാമകാര്യം, ഭവനനിർമ്മാണം, വിദ്യഭ്യാസം, തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പിടിയിലായത്. നസഹ നടത്തിയ 3321 ഓളം പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.

ഇതിന് പുറമേ വിദേശികളും സ്വദേശികളുമായ 195 പേരെ അന്വേഷണ വിധേയമാക്കുകയും ചെയ്തു. അറസ്റ്റിലായ എഴുപത്തിയാറ് പേരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇതിനിടെ അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങൾ കൈമാറുന്നതിന് നസഹ പൊതുജനങ്ങൾക്ക് നിരന്തരം ബോധവല്ക്കരണം നടത്തി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65173/76-government-officials-arrested-for-corruption)