---
title: "ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് കൈകാലുകൾ നഷ്ടമായ പ്രവാസി നാട്ടിലേക്ക് മടങ്ങി"
english_title: "An expatriate who lost his limbs due to electric shock while working returned home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65902/an-expatriate-who-lost-his-limbs-due-to-electric-shock-while-working-returned-home"
published_at: "2022-09-02T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63120e5371304_Untitled-1.jpg"
keywords: []
---

# ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് കൈകാലുകൾ നഷ്ടമായ പ്രവാസി നാട്ടിലേക്ക് മടങ്ങി

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിലെ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകാലുകളും നഷ്ടമായ ഉത്തർപ്രദേശ് മുസഫർ നഗർ സ്വദേശി രേണുകുമാർ നാട്ടിലേക്ക് മടങ്ങി. ദുരിതത്തിൽ താങ്ങായ മലയാളികൾക്ക് നന്ദി പറഞ്ഞാണ് വിമാനം കയറിയത്.

## Article Content

**റിയാദ് : **സൗദി അറേബ്യയിലെ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകാലുകളും നഷ്ടമായ ഉത്തർപ്രദേശ് മുസഫർ നഗർ സ്വദേശി രേണുകുമാർ നാട്ടിലേക്ക് മടങ്ങി. ദുരിതത്തിൽ താങ്ങായ മലയാളികൾക്ക് നന്ദി പറഞ്ഞാണ് വിമാനം കയറിയത്.

സൗദിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റ് ഈ 24 വയസുകാരന് കൈകാലുകൾ നഷ്ടപ്പെട്ടത്. ആദ്യമായി സൗദി അറേബ്യയിലെത്തി കഷ്ടിച്ച് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു 2019 ഡിസംബറിൽ അപകടമുണ്ടായത്.

ഒരു വര്‍ഷം നീണ്ട ചികിത്സക്ക് ശേഷം നഷ്ടപരിഹാരത്തിന് ശ്രമിച്ചപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനി തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ കൺവീനർ നൈസാം തൂലിക, സാമൂഹിക പ്രവർത്തകൻ സലാം പറാട്ടി എന്നിവർ രേണുവിനെ ഉനൈസ അമീറിന്റെ അടുത്തെത്തിച്ചതോടെയാണ് ഇക്കാര്യത്തിൽ തീർപ്പുണ്ടായത്.

അമീറിന്റെ ഇടപെടലിൽ കമ്പനിയിൽ നിന്ന് ലഭിച്ച 22 ലക്ഷം രൂപ സമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് രേണുകുമാറിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. തൊഴിൽ സ്‌ഥാപനത്തിൽനിന്നുള്ള ആനുകൂല്യം കൂടി ലഭിച്ചതോടെയാണ് യുവാവിന് മടക്കയാത്രക്ക് വഴിയൊരുങ്ങിയത്.

രണ്ടര വർഷക്കാലം രേണുവിനെ പരിചരിക്കാൻ തൊഴിൽ സ്ഥാപനം ശമ്പളം നൽകി ഒരാളെ നിയോഗിച്ചിരുന്നു. ദുരിത നാളുകളിൽ സഹായിച്ചവർക്ക് ഉള്ളിൽ തട്ടിയ നന്ദി പറഞ്ഞാണ് യുവാവ് വിമാനം കയറിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65902/an-expatriate-who-lost-his-limbs-due-to-electric-shock-while-working-returned-home)