---
title: "ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of the expatriate Malayali youth, who was found dead, was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/67788/the-body-of-the-expatriate-malayali-youth-who-was-found-dead-was-brought-home"
published_at: "2022-09-12T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f10e09c5b3_DEATH.jpg"
keywords: []
---

# ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയിലെ അൽഖർജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം കടക്കാവൂർ സ്വദേശി എസ്.എസ് നിവാസിൽ ഷെറിൻ ശശാങ്കന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

## Article Content

**റിയാദ്:** സൗദി അറേബ്യയിലെ അൽഖർജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം കടക്കാവൂർ സ്വദേശി എസ്.എസ് നിവാസിൽ ഷെറിൻ ശശാങ്കന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

അൽഖർജ് ഇഷാറാ സിറ്റിയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ ഏഴു വർഷമായി സെയിൽസ്‍മാനായി ജോലി ചെയ്തു വരികയായിരുന്ന ഷെറിനെ ജൂൺ 13ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കടക്കാവൂർ നിലാമുക്ക് എസ്.എസ് നിവാസിൽ ശശാങ്കൻ - ശോഭന ദമ്പതികളുടെ മകനാണ്.

ഭാര്യ രേഷ്മ. ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതിനാൽ നിയമക്കുരുക്കിൽ പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് താമസം നേരിടുകയും തുടർന്ന് ബന്ധുക്കൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു.

കേളി പ്രവർത്തകരുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി സൗദി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാവുകയും തുടർന്ന് എംബസിയിൽ നിന്നും അനുബന്ധ രേഖകൾ ശരിയാക്കി മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയുമായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം സ്വദേശത്ത് സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/67788/the-body-of-the-expatriate-malayali-youth-who-was-found-dead-was-brought-home)