കോവിഡ് കാലത്തും ചതി, ജോലി പോയി; 7 മലയാളികൾ ഷാർജയിൽ ദുരിതത്തിൽ

ഷാർജ : ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പരിതാപകരമായ അവസ്ഥയിലാണ് ഇൗ ഏഴ് മലയാളി യുവാക്കൾ. വീസ തട്ടിപ്പിനിരയായും ജോലി നഷ്ടപ്പെട്ടും ഷാർജ റോളയിലെ കുടുസുമുറിയിൽ കുടുങ്ങിയ ഇവർ കോവിഡിനെ തുടർന്ന് രാജ്യത്ത് നിയന്ത്രണങ്ങൾ വന്നതോടെ ഭക്ഷണവും മറ്റു ചെലവുകൾക്ക് പണവുമില്ലാതെ ദുരിതത്തിലാണ്.

കൂടാതെ, താമസിക്കുന്ന മുറിയുടെ വാടക നൽകാത്തതിനാൽ കെട്ടിട അധികൃതർ ആറ് പേരുടെയും മൊബൈൽ ഫോണുകളും പാസ്പോർട്ടും പിടിച്ചുവച്ചു.

ആലപ്പുഴ മാവേലിക്കര സ്വദേശികളായ അഖിലേഷ് (25), ഹേമന്ത് (22), മാന്നാർ സ്വദേശികളായ എം.മനു(22), മിഥുൻ(22), കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ലിജീഷ് (37), റിഷാദ് (20) എന്നിവരും രോഗബാധിതനായതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷരീഫു(38)മാണ് കണ്ണീർ വാർത്തു കഴിയുന്നത്.

എറണാകുളത്തെ രതീഷ് എന്നയാളാണ് തങ്ങളിൽ നിന്ന് വൻതുക കൈപ്പറ്റി സന്ദർശക വീസയിൽ യുഎഇയിലെത്തിച്ച് ചതിച്ചതെന്ന് അഖിലേഷ്, ഹേമന്ത്, എം.മനു, മിഥുൻ, ലിജീഷ്, റിഷാദ് എന്നിവർ പറഞ്ഞു.

ജനുവരി മുതലാണ് ഇവർ ഒാരോരുത്തരായി യുഎഇയിലെത്തിയത്. ഷാർജയിലെ കമ്പനിയിൽ ലാപ് ടോപ് പായ്ക്കിങ് ജോലി നൽകാമെന്ന് പറഞ്ഞ് വീസയ്ക്ക് 75,000 രൂപയും മെഡിക്കൽ പരിശോധനയ്ക്ക് 3500 രൂപയും കൈപ്പറ്റിയതായി അഖിലേഷ് പറഞ്ഞു.

ആദ്യം തൊഴിൽ വീസ എന്നാണ് പറഞ്ഞിരുന്നത്. 35,000 രൂപ മാസവേതനവും താമസത്തിനും ഭക്ഷണത്തിനും വേറെ പണവും ലഭിക്കുന്ന ജോലിയായിരുന്നു വാഗ്ദാനം. എന്നാൽ, രതീഷും അയാളുടെ ഇവിടുത്തെ സഹായികവും വളരെ തുച്ഛമായ ശമ്പളത്തിന് മറ്റു ചില കമ്പനികളിൽ കഠിനമായ ജോലികളിൽ പ്രവേശിക്കാൻ നിർബന്ധിച്ചു.

ഷാര്‍ജയിലെ ഒരു റസ്റ്ററന്റിൽ പാത്രം കഴുകുക, നിലം തുടയ്ക്കുക തുടങ്ങിയ ജോലികളായിരുന്നു ചെയ്യേണ്ടിവന്നത്. ഭക്ഷണം, താമസം എന്നിവ കഴിഞ്ഞ് കൈയിൽ ബാക്കിയാകുക തുച്ഛമായ സംഖ്യയായിരിക്കും എന്നതിനാൽ, വിസമ്മതിച്ചപ്പോൾ മറ്റു പലയിടത്തായി താമസിപ്പിച്ച ശേഷം ഒടുവിൽ റോളയിലെ ഇപ്പോഴുള്ള മുറിയിലാക്കി മാറ്റുകയായിരുന്നു.

രണ്ട് മാസത്തിലേറെയായി ആരും തിരിഞ്ഞുനോക്കുന്നില്ല. സന്ദർശക വീസാ കാലാവധി കഴിഞ്ഞിട്ട് കുറേ നാളുകളായി. ആരോടെങ്കിലും പണം കടം വാങ്ങി  മടങ്ങിപ്പോകാൻ ശ്രമിച്ചെങ്കിലും സഹായം ലഭിച്ചില്ല. ഏറെ നാൾ പട്ടിണിയിൽ കഴിഞ്ഞു. പിന്നീട്, കോവി‍ഡ് വന്ന് വിമാന സർവീസ് നിലച്ചതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചുവെന്നും അഖിലേഷ് പറഞ്ഞു. നാട്ടിൽ മുത്തശ്ശൻ, മുത്തശ്ശി, വയോധികരായ അച്ഛൻ, അമ്മ, സഹോദരങ്ങളുടെ ഏക ആശ്രയമാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പലരോടും കടം വാങ്ങിയാണ് വീസയ്ക്കും വിമാന ടിക്കറ്റിനും പണം സ്വരൂപിച്ചത്. ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയില്ലെന്നും താമസ സ്ഥലത്ത് പൈപ്പുവെള്ളമാണ് കുടിച്ചാണ് ഇപ്പോൾ ദിവസങ്ങൾ തള്ളിനീക്കുന്നതെന്നും കൂട്ടിച്ചേർത്തു.

മാവേലിക്കര സ്വദേശി തന്നെയായ ഹേമന്തിനെയും ഇതേ ഏജന്റാണ് ചതിച്ചത്. ഫെബ്രുവരി 17ന് അഖിലേഷിന്റെയും മറ്റു മൂന്ന് പേരുടെയും കൂടെ ദുബായിലെത്തി.

7-kerala-man-stuck-in-sharjah2

വീസയ്ക്ക് 75,000 രൂപയും മെഡിക്കലിന് 3,500 രൂപയും വാങ്ങിച്ചു. ആദ്യം അജ്മാനിലെ മുറിയിലേയ്ക്കാണ് കൊണ്ടുപോയത്. പിന്നീട് 10ലേറെ മുറികളിൽ മാറ്റി മാറ്റി താമസിപ്പിച്ച് ഒടുവിൽ റോളയിലെ കുടുസുമുറിയിലെത്തിച്ചു. മൂത്തസഹോദരിയുടെ കല്യാണത്തെ തുടർന്ന് കുടുംബം കടബാധ്യതയില്‍പ്പെട്ടപ്പോഴാണ് ഹേമന്ത് യുഎഇയിലെത്തിയത്. എന്നാൽ, വാഗ്ദാനം ചെയ്ത ലാപ് ടോപ് പായ്ക്കിങ് ജോലി കിട്ടിയില്ല എന്ന് മാത്രമല്ല, മറ്റൊരു ജോലി കണ്ടെത്താൻ പോലും ഏജന്റ് ശ്രമിച്ചില്ലെന്ന് ഇൗ യുവാവ് പരാതിപ്പെട്ടു.

ഏജന്റിനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടിയില്ല. ഇയാൾ നാട്ടിലാണുള്ളതെന്ന് പിന്നീട് മനസിലായി. ആദ്യമൊക്കെ എല്ലാം ശരിയാകും, താനുടനെ യുഎഇയിൽ വരുമെന്നായിരുന്നു രതീഷിന്റെ മറുപടി. ഇപ്പോൾ ഫോൺ എടുക്കുന്നില്ല-ഹേമന്ത് പറഞ്ഞു.

അച്ഛൻ, അമ്മ, അമ്മൂമ്മ എന്നിവരുടെ ഏക ആശ്രയമാണ് ഇൗ യുവാവ്. ഏതെങ്കിലും വിധത്തിൽ സഹായിക്കണമെന്ന് യുഎഇയിലെ പ്രവാസി സമൂഹത്തോടും അധികൃതരോടും അഭ്യർഥിക്കുന്നു.

മാന്നാർ സ്വദേശിയായ മനു 60,000 രൂപയാണ് വീസാ ഏജന്റിന് നൽകിയത്. ഒരുമാസത്തെ സന്ദർശക വീസയായിരുന്നു ലഭിച്ചത്. ഇവിടെയെത്തി ഫൂഡ‍് പായ്ക്കിങ് കമ്പനിയിൽ കയറിയ ഉടൻ തൊഴിൽ വീസ പതിക്കുമെന്നായിരുന്നു വാഗ്ദാനം.

റാസൽഖൈമയിലേയ്ക്കാണ് ആദ്യം കൊണ്ടുപോയത്. ഫെബ്രുവരി 20ന് രതീഷ് എത്തി. പ്രതിമാസം 1000 ദിർഹത്തിന് ഒരു റസ്റ്ററന്റിലായിരുന്നു ജോലി നൽകിയത്. താമസം, ഭക്ഷണം എന്നിവയ്ക്ക് പണം ഇതിൽ നിന്നെടുക്കണം. കുനിഞ്ഞു നിന്ന് പാത്രം കഴുകി നടുവേദന വന്നതിനാൽ ജോലി ചെയ്യാൻ പറ്റാണ്ടായി. അങ്ങനെ ആ ജോലിയിൽ നിന്ന് ഒഴിവായി.

ബന്ധുക്കളോടും മറ്റും കടം വാങ്ങിയാണ് വീസയ്ക്കുള്ള പണം നൽകിയത്. അച്ഛൻ കൂലിപ്പണിക്കാരനാണ്. അമ്മയും രണ്ട് സഹോദരങ്ങളുമുണ്ട്. ജോലി കിട്ടിയില്ലെങ്കിൽ ഇവരെല്ലാം കടക്കെണിയിലകപ്പെടും–പ്ലസ് ടു വരെ പഠിച്ചിട്ടുള്ള മനു ആശങ്കയോടെ പറഞ്ഞു.

മാന്നാർ സ്വദേശി തന്നെയായ മിഥുൻ ഫെബ്രുവരി നാലിനാണ് യുഎഇയിലെത്തിയത്. വീസയ്ക്ക് 60,000 രൂപയും മെഡിക്കലിന് 5,000 രൂപയും ഏജന്റ് രതീഷ് വാങ്ങിച്ചു.

ഫുഡ് പായ്ക്കിങ് കമ്പനിയിൽ മാസംതോറും 30,000 രൂപ ശമ്പളമുള്ള ജോലിയുടെ വീസ ഇവിടെ എത്തിയ ശേഷം ലഭിക്കുമെന്ന വാക്കുകൾ വിശ്വസിച്ചുപോയി. മുത്തച്ഛൻ, മുത്തശ്ശി, അമ്മ, അച്ഛൻ, മൂത്ത സഹോദരി എന്നിവരുടെ ഏക ആശ്രയമാണ് ഇൗ യുവാവ്.

ബേപ്പൂർ സ്വദേശിയായ ലിജീഷ് ജനുവരി 30നാണ് 85,000 രൂപ നൽകി മൂന്ന് മാസത്തെ സന്ദർശക വീസയിൽ യുഎഇയിലെത്തിയത്. പല സ്ഥലങ്ങളിലായി ഏജന്റ് താമസിപ്പിച്ചെങ്കിലും ജോലിയൊന്നും ലഭിച്ചില്ല.

നാട്ടിൽ നിന്ന് ലാപ്ടോക് പായ്ക്കിങ് കമ്പനിയിലെ  ജോലിയായിരുന്നു വാഗ്ദാനം ചെയ്തത്. ഇൗ ജോലിക്ക് ഇപ്പോൾ ആളെ എടുക്കുന്നില്ലെന്ന് പറഞ്ഞ് ഏജന്റ് രതീഷ് ഒഴിഞ്ഞുമാറിയതായി ലിജീഷ് പറഞ്ഞു. ഏറെ നാളുകളായി ഇപ്പോഴുള്ള മുറിയിൽ ഒതുങ്ങിക്കഴിയുകയാണ്.

പലരോടും കടം വാങ്ങിയ പണമാണ് ഏജന്റ് തട്ടിയെടുത്തത്. വിഷുവിന് അത്യാവശ്യ ചെലവുകൾക്ക് കുറച്ച് പണം വീട്ടിൽ നൽകാൻ അഭ്യർഥിച്ചെങ്കിലും ചെവികൊണ്ടില്ല.

ബേപ്പൂർ‌ സ്വദേശി തന്നെയായ റിഷാദ് ഫെബ്രുവരി 12നാണ് യുഎഇയിലെത്തിയത്. 75,000 രൂപ നൽകിയപ്പോൾ ഏജന്റ് രതീഷ് കൈമാറിയത് സന്ദർശകവീസയായിരുന്നു. യുഎഇയിലെത്തിയ ശേഷം തൊഴിൽവീസ ലഭിക്കുമെന്നും അറിയിച്ചു.

എല്ലാ ചെലവുകളും കിഴിച്ച് 35,000 രൂപയായിരുന്നു വാഗ്ദാനം ചെയ്ത പ്രതിമാസ ശമ്പളം. എന്നാൽ, ഇവിടെയെത്തിച്ച് പലമുറികളിൽ മാറ്റിത്താമസിപ്പിച്ചുവെങ്കിലും ജോലിയൊന്നും ലഭിച്ചില്ലെന്ന് റിഷാദ് പരാതിപ്പെട്ടു. വയോധികരായ മാതാപിതാക്കളുടെ ഏക ആശ്രയമാണ് ഇൗ യുവാവ്.

കുടുങ്ങിയ ആറ് പേരും അഭ്യസ്ത വിദ്യരാണ്. ലോകത്തെക്കുറിച്ചും യുഎഇയിലെ വീസ തട്ടിപ്പുകളെക്കുറിച്ചുമെല്ലാം നേരത്തെ അറിയമായിരുന്നു. എന്നാൽ, സൂത്രശാലിയായ ഏജന്റ് രതീഷ് ഇവരെ പലതും പറഞ്ഞു മയക്കിയെടുക്കുകയായിരുന്നു.

തൊഴിൽവീസയ്ക്കുള്ള മെഡിക്കൽ പരിശോധനയെന്ന പേരിൽ നടത്തിയ കെണിയിലാണ് എല്ലാവരും വീണത്. ഇതോടെ ജോലിയും തൊഴിൽ വീസയും ഉറപ്പായെന്ന് വിശ്വസിച്ചു. ഒടുവിൽ, സന്ദർശക വീസ കൈയിൽകിട്ടിയപ്പോൾ ചോദ്യം ചെയ്തെങ്കിലും, യുഎഇയിൽ എത്തി കമ്പനിയിൽ ജോയിൻ ചെയ്ത ഉടൻ വീസ കൈയിൽകിട്ടുമെന്നായിരുന്നു മറുപടി.

നാട്ടിൽ കടക്കാരായി, മാസങ്ങൾ നഷ്ടപ്പെട്ടു, ഇപ്പോൾ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട്… ഇൗ പാവപ്പെട്ട യുവാക്കളെ കണ്ണീരു കുടിപ്പിച്ച് ഏജന്റ് രതീഷ് നാട്ടിൽ വിലസുകയാണ്. കോവിഡ് എന്ന മഹാമാരിക്ക് മുൻപില്‍പോലും ഇയാളുടെ മനസലിയുന്നില്ല!.

അസുഖം വന്നു, ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; നിരാലംബനായി ഷരീഫ്

വാടകവീട്ടിൽ കഴിയുന്ന അഞ്ചുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ കൂത്തുപറമ്പ് സ്വദേശി ഷരീഫ് ഷാർജയിലെ ഒരു റസ്റ്ററന്റിൽ ജോലി ലഭിച്ച് അധികം കഴിയുന്നതിന് മുൻപേ രോഗം പിടികൂടുകയായിരുന്നു. സന്ദർശക വീസയിലെത്തി ഏറെ ശ്രമിച്ചതിനെ തുടർന്നാണ് ഷാർജയിലെ ഒരു റസ്റ്ററന്റിൽ പൊറോട്ടോ ഉണ്ടാക്കുന്ന ജോലി ലഭിച്ചത്. നവംബർ 24ന് വീസ പതിച്ചുകിട്ടി.

ജനുവരിയിൽ മൂത്രത്തിൽ പഴുപ്പുണ്ടാവുകയും ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തു. റസ്റ്ററന്റ് ഉടമയായ കൊല്ലം സ്വദേശി ഇതത്ര കാര്യമാക്കാത്തപ്പോൾ വേദന സഹിച്ചും ജോലി ചെയ്തു. ഫെബ്രുവരി 10ന് ഷാർജ റോളയിലെ ഡോ.അബൂബക്കർ പരിശോധിച്ച് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചു.

എന്നാൽ, റസ്റ്ററന്റ് ഉടമ ജോലിക്ക് പകരം ആളെ ഏർപ്പാടാക്കിയാൽ ഒരു മാസത്തെ ശമ്പളമില്ലാത്ത അവധി നൽകാമെന്ന് പറഞ്ഞു. ചികിത്സയ്ക്ക് വലിയ തുക ആവശ്യം വരുമെന്നതിനാൽ ആരോഗ്യ ഇൻഷുറൻസ് സുരക്ഷ പോലുമില്ലാത്ത ഷരീഫ് ശരിക്കും കുടുക്കിലായി.

ശമ്പളത്തിൽ നിന്ന് അഡ്വാൻസ് നൽകാനുള്ള അപേക്ഷയും ഉടമ ചെവികൊണ്ടില്ല. തുടർന്ന് അൽ ഖാസിമി ആശുപത്രിയിൽ ചെന്ന് പരിശോധന നടത്തി. ശസ്ത്രക്രിയ വേണമെന്നും ഇതിന് 4,500 ദിർഹം ചെലവു വരുമെന്നുമായിരുന്നു ഡോക്ടർമാർ പറഞ്ഞത്.

പിന്നീട് ജോലിയില്‍ നന്ന് പിരിച്ചുവിടപ്പെട്ടു. ഇതിനെതിരെ ഷരീഫ് ഷാർജ ലേബർ കോടതിയിൽ പരാതി നൽകി. കൈയിൽ നിത്യച്ചെലവിന് പോലും പണമില്ലാതെ വളരെ കഷ്ടപ്പെട്ടു.

പലയിടത്തും അലഞ്ഞു. റോളയിലെ പള്ളിയിൽ കിടന്നുറങ്ങിയപ്പോൾ ഇമാം തൊട്ടടുത്തെ റസ്റ്ററന്റിൽ അദ്ദേഹത്തിന്റെ സ്വന്തം കീശയിൽ നിന്ന് പണം നൽകി ഭക്ഷണത്തിന് ഏർപ്പാടാക്കി. എന്നാൽ ഒരൊറ്റ പ്രാവശ്യം മാത്രമേ കഴിച്ചുള്ളൂ. ഇമാമിന് നന്ദി പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നു.

ഒടുവിൽ എത്തപ്പെട്ടത് റോളയിലെ ഇൗ മുറിയിലും. എനിക്ക് 45 ദിവസത്തെ ശമ്പള കുടിശ്ശികയുണ്ട്. അതു ചോദിച്ചപ്പോൾ ജയിലിലടക്കുമെന്നാണ് ഭീഷണി.

എന്റെ അധ്വാനത്തിന്റെ കൂലി ഉടമയിൽ നിന്ന് വാങ്ങിച്ചു തരണം–ഷരീഫിന് അധികൃതരോടും സാമൂഹിക പ്രവർത്തകരോടും അഭ്യർഥിക്കാനുള്ളത് ഇത്രമാത്രം. ഉടൻ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവൻ പോലും നഷ്ടമായേക്കുമെന്ന് ഇദ്ദേഹം കണ്ണീരൊഴുക്കി പറയുന്നു.

കോവിഡ് ഭയം ഉറക്കം നഷ്ടപ്പെടുത്തുന്നു

ചെറിയൊരു മുറിയിലാണ് 7 പേരും താമസിക്കുന്നത്. നാല് അട്ടിക്കട്ടിലുകളിൽ ഇവരെല്ലാം ഒതുങ്ങിക്കഴിയുന്നു. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള നിബന്ധനകളൊന്നും സാധ്യമാകുന്നില്ല.

കൂടാതെ, മതിയായ മാസ്കുകളോ, കൈയുറകളോ, സാനിറ്റൈസറോ ഇല്ല. അതിനാൽ തന്നെ ഇവർ ഭീതിയിലുമാണ്. മൊബൈൽ ഫോൺ കെട്ടിട ഉടമ പിടിച്ചുവച്ചതിനാൽ നാട്ടിലേയ്ക്ക് കുടുംബത്തെ വിളിച്ചിട്ട് നാളുകളായി.

നാട്ടിലുള്ളവർക്കും ഇവരെ ബന്ധപ്പെടാനാകുന്നില്ല. പാസ്പോർട്ടു കൈയിലില്ലാത്തതിനാൽ വിമാന സർവീസ് ആരംഭിച്ചാൽ തന്നെ പെട്ടെന്ന് തിരിച്ചുപോകാൻ സാധിക്കുമോ എന്നുമറിയില്ല. അധികൃതർ ഇടപെട്ട് മൊബൈൽ ഫോണും പാസ്പോർട്ടും വാങ്ങിച്ചു തരണമെന്ന് ഏറെ മാനസിക സമ്മർദമനുഭവിക്കുന്ന ഇവർ അഭ്യർഥിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *