---
title: "സൗദി അറേബ്യയിൽ ട്രെയിലറുകൾ കൂട്ടിയിടിച്ച് കത്തി ഡ്രൈവർ വെന്തുമരിച്ചു"
english_title: "Knife driver burns to death after trailer collides in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73754/knife-driver-burns-to-death-after-trailer-collides-in-saudi-arabia"
published_at: "2022-10-10T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634451c5b70de_accident.jpg"
keywords: []
---

# സൗദി അറേബ്യയിൽ ട്രെയിലറുകൾ കൂട്ടിയിടിച്ച് കത്തി ഡ്രൈവർ വെന്തുമരിച്ചു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിൽ ട്രെയിലറുകൾ കൂട്ടിയിടിച്ച് കത്തി ഡ്രൈവർ വെന്തുമരിച്ചു. തെക്കൻ പ്രവിശ്യയിലെ അല്‍ബാഹ കിംഗ് ഫഹദ് ചുരംറോഡിലാണ് രണ്ടു ട്രെയിലറുകള്‍ കൂട്ടിയിടിച്ച് കത്തിയത്.

## Article Content

**റിയാദ് : **സൗദി അറേബ്യയിൽ ട്രെയിലറുകൾ കൂട്ടിയിടിച്ച് കത്തി ഡ്രൈവർ വെന്തുമരിച്ചു. തെക്കൻ പ്രവിശ്യയിലെ അല്‍ബാഹ കിംഗ് ഫഹദ് ചുരംറോഡിലാണ് രണ്ടു ട്രെയിലറുകള്‍ കൂട്ടിയിടിച്ച് കത്തിയത്.

അതിൽ ഒരു ട്രെയിലറുടെ ഡ്രൈവറാണ് വെന്തുമരിച്ചത്. രണ്ടാമത്തെ ട്രെയിലറുടെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിലറുകളിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

സിവില്‍ ഡിഫന്‍സ് യൂനിറ്റുകളാണ് തീയണച്ചത്. കിംഗ് ഫഹദ് ചുരംറോഡില്‍ അല്‍മഖ്‌വാ ദിശയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. പരിക്കേറ്റയാളെ അല്‍മഖ്‌വാ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം സൗദിയില്‍ മേല്‍പ്പാലത്തില്‍ നിന്ന് വാഹനം താഴത്തെ റോഡിലേക്ക് പതിച്ച് ഒരാള്‍ മരിച്ചു. റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തെ കിങ് ഫഹദ് റോഡിലെ മേല്‍പാലത്തില്‍നിന്നാണ് ജീപ്പ് താഴേക്ക് പതിച്ചത്.

അമിത വേഗം മൂലം നിയന്ത്രണം വിട്ട ജീപ്പ് പാലത്തിനു താഴെ കൂടി കടന്നുപോവുകയായിരുന്ന മറ്റൊരു കാറിനു മുകളിലേക്ക് വന്നുപതിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. കാറിന്റെ ഡ്രൈവറാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73754/knife-driver-burns-to-death-after-trailer-collides-in-saudi-arabia)