---
title: "കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ്; നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കും"
english_title: "Driving license for expatriates in Kuwait; The investigation will be intensified to find the violators"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73921/driving-license-for-expatriates-in-kuwait-the-investigation-will-be-intensified-to-find-the-violators"
published_at: "2022-10-11T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63457da3970aa_driving.jpg"
keywords: []
---

# കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ്; നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കും

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ കര്‍ശന നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ കര്‍ശന നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം.

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രാലയ ആക്ടിങ് മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദിന്‍റെ നിര്‍‌ദ്ദേശപ്രകാരമാണിത്. ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.

ലൈസൻസ് രജിസ്റ്റര്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ ആണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 800,000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്. ഏകദേശം 22 ലക്ഷം വാഹനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ രേഖകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് പ്രവാസികളുടെ ലൈസൻസ് പരിശോധിക്കുന്നത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സഹായിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ നിർദ്ദേശങ്ങൾ ഔദ്യോഗികമായി ലഭിച്ചയുടൻ തന്നെ ഓഡിറ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ ഗവർണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആർക്കൈവുകൾ പരിശോധിക്കുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73921/driving-license-for-expatriates-in-kuwait-the-investigation-will-be-intensified-to-find-the-violators)