---
title: "പ്രവാസിയുടെ വിവാഹ ചെലവുകൾ മുഴുവൻ ഏറ്റെടുത്ത് സ്വദേശി സ്‌പോണ്‍സര്‍ "
english_title: "Swadeshi sponsor bearing the entire marriage expenses of the expatriate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/74654/swadeshi-sponsor-bearing-the-entire-marriage-expenses-of-the-expatriate"
published_at: "2022-10-15T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a97be6054d_riyad.jpg"
keywords: []
---

# പ്രവാസിയുടെ വിവാഹ ചെലവുകൾ മുഴുവൻ ഏറ്റെടുത്ത് സ്വദേശി സ്‌പോണ്‍സര്‍ 

> **Lead Summary:** **റിയാദ്:** നിറത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും പേരിൽ വേർതിരിവുകൾ നടക്കുന്ന ഈ കാലത്തിൽ മനുഷ്യ സ്നേഹത്തിനും സാഹോദര്യത്തിനും പുതിയ മാതൃകയാവുകയാണ് സൗദി അറേബ്യയിലെ ഒരു സ്വദേശി സ്‌പോണ്‍സര്‍.

## Article Content

**റിയാദ്:** നിറത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും പേരിൽ വേർതിരിവുകൾ നടക്കുന്ന ഈ കാലത്തിൽ മനുഷ്യ സ്നേഹത്തിനും സാഹോദര്യത്തിനും പുതിയ മാതൃകയാവുകയാണ് സൗദി അറേബ്യയിലെ ഒരു സ്വദേശി സ്‌പോണ്‍സര്‍.

തന്റെ തൊഴിലാളിയുടെ വിവാഹ പാർട്ടിയുടെ ചെലവുകള്‍ വഹിച്ചും വിരുന്ന് ആഘോഷമാക്കിയുമാണ് സ്‌പോണ്‍സര്‍ തൊഴിലാളിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. സുഡാന്‍ പൗരനായ തൊഴിലാളിയുടെ വിവാഹ പാര്‍ട്ടിയാണ് സ്‌പോണ്‍സര്‍ ഏറ്റെടുത്ത് നടത്തിയത്.

സൗദിയുടെ വടക്കുള്ള അല്‍ ജൗഫ് മേഖലയിലാണ് സഭവം നടന്നതെന്ന് 'അല്‍ ഇക്ബാരിയ' ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുഡാനീസ് തൊഴിലാളിയുടെ വിവാഹ പാര്‍ട്ടിക്കെത്തുന്നവരെ സ്വീകരിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്ന സ്‌പോണ്‍സറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സുഡാന്‍ പൗരനായ മുഹമ്മദ് ജമാൽ തന്റെ വിവാഹ ചടങ്ങ് സൗദിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചതോടെ അതിന്റെ ചെലവുകള്‍ വഹിക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറാവുകയായിരുന്നു.

മുഹമ്മദ് ജമാലിനെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും കൂടെ ജോലി ചെയ്യുന്നവര്‍ ഇത് സാക്ഷ്യപ്പെടുത്തുമെന്നും സൗദി പൗരനും സ്‌പോണ്‍സറുമായ മൂസ അല്‍ ഖാദിബ് പറഞ്ഞു. ഏഴു വര്‍ഷത്തിലേറെയായി എഞ്ചി. മൂസ അല്‍ ഖാദിബിനൊപ്പം ജോലി ചെയ്യുകയാണെന്നും അദ്ദേഹവുമായുള്ള ബന്ധം തൊഴില്‍പരമായി മാത്രം നിര്‍വചിക്കാനാവില്ലെന്നും സുഡാന്‍ പൗരനായ മുഹമ്മദ് ജമാല്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/74654/swadeshi-sponsor-bearing-the-entire-marriage-expenses-of-the-expatriate)