---
title: "രണ്ടര മാസത്തിനിടെ അനുവദിച്ചത് 20 ലക്ഷം ഉംറ വിസകൾ"
english_title: "20 lakh Umrah visas were granted in two and a half months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76034/20-lakh-umrah-visas-were-granted-in-two-and-a-half-months"
published_at: "2022-10-23T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354b30450383_umra.jpg"
keywords: []
---

# രണ്ടര മാസത്തിനിടെ അനുവദിച്ചത് 20 ലക്ഷം ഉംറ വിസകൾ

> **Lead Summary:** **റിയാദ്: **ഈ വർഷം ജൂലൈ 30-ന് ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം. 176 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കാണ് ഇത്രയും വിസകൾ അനുവദിച്ചത്.

## Article Content

**റിയാദ്: **ഈ വർഷം ജൂലൈ 30-ന് ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം. 176 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കാണ് ഇത്രയും വിസകൾ അനുവദിച്ചത്.

അതിൽ തന്നെ ഏറ്റവും കൂടുതൽ വിസ അനുദവിച്ചത് ഇന്തോനേഷ്യ, ഇറാഖ്, തുർക്കി എന്നീ രാജ്യങ്ങൾക്കാണ്. ഇങ്ങനെ എത്തുന്ന വിദേശ തീർഥാടകർക്ക് ആവശ്യമായ സേവനം നൽകാൻ 150 ഓളം ഉംറ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

അതത് രാജ്യങ്ങളിൽനിന്നുള്ള വരവ് മുതൽ ഉംറ നിർവഹിച്ച് മടങ്ങുന്നത് വരെ ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നത് ഈ കമ്പനികളാണെന്നും ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽ-ഉമൈരി പറഞ്ഞു. തീർഥാടകർക്ക് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യണമെന്ന സൽമാൻ രാജാവിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്ര കമ്പനികളെ നിയോഗിച്ചത്.

തീർഥാടകർക്ക് ആശ്വാസത്തോടെയും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും തങ്ങളുടെ കർമങ്ങൾ നിർവഹിക്കുന്നതിന് സൗദി ഭരണകുടം ബൃഹത്തായ പദ്ധതികളാണ് നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്തോനേഷ്യ, ഇറാഖ്, തുർക്കി എന്നിവ കൂടാതെ പാകിസ്താൻ, മലേഷ്യ, ഇന്ത്യ, അസർബൈജാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഉംറ നിർവഹിക്കാൻ ഏറ്റവും കൂടുതൽ തീർഥാടകർ വരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വരും കാലയളവിൽ വർധനവുണ്ടാകുമെന്നും അൽ-ഉമൈരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76034/20-lakh-umrah-visas-were-granted-in-two-and-a-half-months)