---
title: "കുവൈത്തിൽ  സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് കായികാധ്യാപകന് പരിക്ക്"
english_title: "A teacher was stabbed in a dispute between teachers at a school in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76452/a-teacher-was-stabbed-in-a-dispute-between-teachers-at-a-school-in-kuwait"
published_at: "2022-10-25T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357831d52596_crime.jpg"
keywords: []
---

# കുവൈത്തിൽ  സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് കായികാധ്യാപകന് പരിക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തിലെ സ്‌കൂളില്‍ അധ്യാപകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരു അധ്യാപകന് കുത്തേറ്റു. ജഹ്‌റയിലെ ഹരിത ബിന്‍ ശരഖ പ്രൈമറി സ്‌കൂളിലാണ് സംഭവം ഉണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തിലെ സ്‌കൂളില്‍ അധ്യാപകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരു അധ്യാപകന് കുത്തേറ്റു. ജഹ്‌റയിലെ ഹരിത ബിന്‍ ശരഖ പ്രൈമറി സ്‌കൂളിലാണ് സംഭവം ഉണ്ടായത്.

ഒരു ക്ലാസില്‍ പകരം കയറുന്നതിനെ ചൊല്ലി ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് തുടക്കമിട്ടത്. രണ്ട് അധ്യാപകരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടു. തര്‍ക്കം അവസാനിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ രണ്ടുപേരോടും സത്യവാങ്മൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സത്യവാങ്മൂലം എഴുതുന്നതിനിടെ അപ്രതീക്ഷിതമായി ഒരു അധ്യാപകന്‍ സഹപ്രവര്‍ത്തകനെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മൂന്ന് തവണയാണ് അധ്യാപകന്‍ സഹപ്രവര്‍ത്തകനെ കുത്തിയത്. ഇത് കണ്ടു നിന്ന ഡയറക്ടര്‍ ഉച്ചത്തില്‍ നിലവിളിച്ചതോടെ മറ്റ് അധ്യാപകര്‍ ഓടിക്കൂടി.

കുത്തേറ്റ അധ്യാപകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആഴത്തിലുള്ള കുത്തേറ്റ അധ്യാപകന്റെ പരിക്ക് ഗുരുതരമാണ്. സംഭവത്തില്‍ പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76452/a-teacher-was-stabbed-in-a-dispute-between-teachers-at-a-school-in-kuwait)