ദുബായ് : പൊരുത്തമുള്ള പേരും പെരുമയുള്ള പാചകവും ഇന്ത്യയ്ക്കും ഇന്തൊനീഷ്യയ്ക്കും സാമ്യങ്ങൾ സമ്മാനിക്കുമ്പോൾ എക്സ്പോ കലവറയിൽ തേങ്ങയാണു താരം.
വിഭവങ്ങളുടെ പേരിൽ അകലമുണ്ടെങ്കിലും രുചിയിൽ ഭായി-ഭായി. മീനും തേങ്ങയും ഒത്തുചേർന്നാൽ കടലോളം കാര്യങ്ങളുണ്ടെന്നു ലോകത്തെ അറിയിക്കാനൊരുങ്ങുകയാണ് ഇന്തൊനീഷ്യ.
തേങ്ങാപ്പാലൊഴിച്ച ചെമ്മീൻ കറി, തേങ്ങയരച്ചതും തക്കാളിയും ചേർത്ത മത്തിക്കറി, തേങ്ങാപ്പാലൊഴിച്ചു വറ്റിച്ച ആട്ടിറച്ചി, മീൻ തലക്കറി, ചിക്കൻ-മട്ടൻ- അയക്കൂറ ബിരിയാണി തുടങ്ങിയവ മലയാളി വിഭവങ്ങളുടെ അപരന്മാരാണെങ്കിൽ ടിക്കയിൽ തുടങ്ങുന്നു,
'കേരള ബൗണ്ടറി' വിട്ടുള്ള കളികൾ. തേങ്ങ ചേർത്താൽ കറികൾക്ക് തെങ്ങോളം തലപ്പൊക്കമുണ്ടാകുമെന്നു തിരിച്ചറിയാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി.
1964 മുതലുള്ള എക്സ്പോകളിൽ സജീവമാണെങ്കിലും ഭക്ഷണകാര്യത്തിൽ ഇന്തൊനീഷ്യ ഇത്രയും ശ്രദ്ധ നൽകിയിരുന്നില്ലെന്നാണു റിപ്പോർട്ട്.
ലോകത്തെ സകല വിഭവങ്ങളുടെയും സമ്മേളന വേദിയായ ദുബായിൽ അടുക്കള വിരുതുകൾ മൊത്തമായി പുറത്തെടുക്കാനാണ് പുറപ്പാട്. നക്ഷത്ര അടുക്കളകളിലെ പാചക പ്രകടനങ്ങളൊന്നും ഇവിടെ പ്രതീക്ഷിക്കേണ്ട.
വിവിധ ദ്വീപുകളിലെ നാടൻ ഭക്ഷണങ്ങളാണ് പ്രധാന വിരുന്നുകളിൽ വിളമ്പുകയെന്നും കൃത്രിമം ഒട്ടുമുണ്ടാകില്ലെന്നും സംഘാടകർ വ്യക്തമാക്കി. നേരുള്ള നാട്ടു രുചികൾ പാചക സ്കൂളുകളിൽ പഠിച്ചിറങ്ങി പുതുമകൾ പരീക്ഷിക്കുന്നവർക്കിടയിൽ നാടൻ 'കലാപരിപാടികളാണ്' ഇന്തൊനീഷ്യൻ അടുക്കളയിൽ അരങ്ങേറുക.
ദ്വീപുകളുടെ നാട്ടിൽ തെങ്ങുകളുടെ സമൃദ്ധിയുള്ളതിനാലാണ് വിഭവങ്ങളിൽ തേങ്ങാപ്പാലിന്റെ വേലിയേറ്റം. നാസി ഉദുക്, ബീഫും മട്ടനും നാടൻ മസാല ചേർത്തു ഗ്രിൽ ചെയ്തെടുക്കുന്ന സതെ മരാൻഗി, ഗുലായ് ഗാംബിങ്, പച്ചക്കറിയും മത്സ്യവും ചേർന്ന സാലഡുകൾ, ചേരുവകൾക്ക് അതിരുകളില്ലാത്ത നൂഡിൽസ്, കാളവാൽ സൂപ്പ്, കപ്പയും കാച്ചിലും പുഴുങ്ങിയത്-മുളക് ചമ്മന്തി എന്നിങ്ങനെ വിഭവങ്ങൾ പറഞ്ഞാൽ തീരില്ലെന്നു സംഘാടകർ പറയുന്നു.
ഇതിൽ രുചിസമൃദ്ധമായ 'ബഡാ ഖാന'യാണ് നാസി ഉദുക്. തേങ്ങാപ്പാലിൽ അരിവേവിച്ചുണ്ടാക്കുന്ന ചോറ്, ചിക്കൻ ഫ്രൈ, സോയാബീൻ മസാല, ഓംലറ്റ്, ഫിഷ് ഫ്രൈ, പുളിയും മധുരവുമുള്ള സോസ് ചേർത്ത പച്ചക്കറി-മത്സ്യ-മാംസ സാലഡ് എന്നിവയാണ് കോമ്പിനേഷൻ. മലേഷ്യൻ ഭക്ഷണമായ 'നാസി ലെമകു'മായി സാമ്യങ്ങളേറെ. ഓരോ സ്ഥലത്തും പാചകരീതികളിൽ ചെറിയ വ്യത്യാസമുണ്ടാകും. ഈ വിഭവം ഇഷ്ടപ്പെടാത്ത ആരും ലോകത്തുണ്ടാകില്ലെന്നു പാചക വിദഗ്ധർ പറയുന്നു.
Matching name and glorious recipe; There are many similarities between India and Indonesia