---
title: "സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്ക്"
english_title: "In Saudi Arabia, two people were injured when a car that ran out of control plunged into the sea"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/81111/in-saudi-arabia-two-people-were-injured-when-a-car-that-ran-out-of-control-plunged-into-the-sea"
published_at: "2022-11-19T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378e037f282b_soudi.jpg"
keywords: []
---

# സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കടലില്‍ പതിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ജിദ്ദയിലെ അല്‍ നൗറസ് പാര്‍ക്കിന് സമീപം കോര്‍ണിഷില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കടലില്‍ പതിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ജിദ്ദയിലെ അല്‍ നൗറസ് പാര്‍ക്കിന് സമീപം കോര്‍ണിഷില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

വാഹനം ഓടിച്ചിരുന്ന യുവതിക്കും ഒരു കാല്‍നട യാത്രക്കാരനുമാണ് പരിക്കേറ്റത്. കോര്‍ണിഷ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ ആദ്യം ഒരു കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇതോടെ പരിഭ്രാന്തയായ കാറോടിച്ചിരുന്ന യുവതി ബ്രേക്കിന് പകരം വാഹനത്തിന്റെ ആക്സിലറേറ്ററില്‍ ചവിട്ടുകയും കാര്‍ അമിത വേഗതയില്‍ നിയന്ത്രണംവിട്ട് കടലില്‍ പതിക്കുകയുമായിരുന്നു.

പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ഡ്രൈവരെ രക്ഷപ്പെടുത്തി. വാഹനമിടിച്ച് പരിക്കേറ്റയാളെയും കാറോടിച്ചിരുന്ന യുവതിയെയും റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. ട്രാഫിക് പൊലീസും അതിര്‍ത്തി സുരക്ഷാ സേനയും ചേര്‍ന്ന് കാര്‍ പിന്നീട് കരയിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/81111/in-saudi-arabia-two-people-were-injured-when-a-car-that-ran-out-of-control-plunged-into-the-sea)