---
title: "കോവിഡുമായി സാമ്യം; പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് പാഴാക്കരുത്"
english_title: "Similar to covid; Do not waste the flu vaccine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/83/similar-to-covid-do-not-waste-the-flu-vaccine"
published_at: "2021-09-21T13:44:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614995cf94e78_Untitled-1.jpg"
keywords: []
---

# കോവിഡുമായി സാമ്യം; പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് പാഴാക്കരുത്

> **Lead Summary:** **ദുബായ് : **കാലാവസ്ഥ മാറുന്ന സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.

## Article Content

**ദുബായ് : **കാലാവസ്ഥ മാറുന്ന സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.

കോവിഡ് വാക്സീൻ സ്വീകരിച്ചുവെന്നു കരുതി ഫ്ലൂ വാക്സീൻ ഒഴിവാക്കരുത്. ആരോഗ്യസുരക്ഷയ്ക്കു രണ്ടും പ്രധാനമാണെന്നും മൂന്നാഴ്ചത്തെ ഇടവേളയിൽ വാക്സീൻ സ്വീകരിക്കുന്നതാണ് സുരക്ഷിതമെന്നും വ്യക്തമാക്കി.

യുഎഇയിൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പകർച്ചപ്പനി വ്യാപകമാകുക. കുത്തിവയ്പെടുത്താൽ രോഗം വരാതിരിക്കുകയോ വന്നാൽ തീവ്രത കുറയുകയോ ചെയ്യുമെന്നും അബുദാബി പൊതുജനാരോഗ്യ കേന്ദ്രത്തിലെ പകർച്ചവ്യാധി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫരീദ അൽ ഹൊസനി പറഞ്ഞു.

പകർച്ചപ്പനിക്കെതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണത്തിനു തുടക്കം കുറിച്ചു. അടിയന്തര സാഹചര്യങ്ങളിൽ വാക്സീൻ സൗജന്യമായി നൽകും. രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ 50 ദിർഹമാണു നിരക്കെന്നും വ്യക്തമാക്കി.

അതിവേഗം പടരുന്നുവെന്നതാണ് വൈറൽ പനിയുടെ പ്രത്യേകത. ആൾക്കൂട്ടങ്ങളും പൊതുപരിപാടികളും രോഗവ്യാപനം വേഗത്തിലാക്കുന്നു. സ്കൂളിലോ ബാച്ചിലേഴ്സ് ഫ്ലാറ്റുകളിലോ ഒരാൾക്കു വന്നാൽ മറ്റുള്ളവർക്ക് പെട്ടെന്നു ബാധിക്കാൻ സാധ്യതയേറെയാണ്.

മുൻകരുതലും ചികിത്സയും ആവശ്യമാണ്. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ രോഗി അവശനാകും. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ കരുതൽ ആവശ്യമാണ്.

കുട്ടികൾ, വയോധികർ, രോഗികൾ, ശസ്ത്രക്രിയയ്ക്കു വിധേയരായവർ, ഗർഭിണികൾ, സ്കൂൾ ജീവനക്കാർ, ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവർ ഡോക്ടറുടെ നിർദേശപ്രകാരം േരാഗ പ്രതിരോധ നടപടികൾ സ്വീകരിക്കണം.

ആശുപത്രിയിൽ കിടത്തി ചികിത്സിക്കാതെ തന്നെ 84.53% പേർക്കും വൈറൽ പനി മാറുന്നതായാണ് രാജ്യാന്തര റിപ്പോർട്ട്. കോവിഡുമായി സാമ്യം; അവഗണിക്കരുത് കോവിഡിന്റെയും വൈറൽ പനിയുടെയും ലക്ഷണങ്ങൾക്കു സാമ്യമുള്ളതായും ഡോ. ഫരീദ പറഞ്ഞു.

രോഗലക്ഷണങ്ങൾ നിസ്സാരമായി കാണാതെ വൈദ്യസഹായം തേടണം. ഒരോ വർഷവും വൈറസിന്റെ ഘടനയും സ്വഭാവവും മാറിക്കൊണ്ടിരിക്കുമെന്നതാണ് ഇൻഫ്ലുവൻസയുടെ പ്രത്യേകത. അതുകൊണ്ട് ഒരുതവണ രോഗം വന്നവർക്ക് അടുത്തവർഷം വീണ്ടും വരാം.

കൂടുതൽ പേരുമായി അടുത്തിടപഴകുന്നവർ നിർബന്ധമായും വാക്സിനേഷൻ നടത്തണം. ശ്വാസതടസ്സ ആദ്യമേയുണ്ടെങ്കിൽ വൈദ്യസഹായം തേടണം. കടുത്ത പനിയും ശരീര വേദനയുമാണ് വൈറൽ പനിയുെട പ്രധാന ലക്ഷണങ്ങൾ. ക്ഷീണമോ ശരീര വേദനയോ ചുമയോ ആയി തുടങ്ങുന്ന രോഗം അതിവേഗം മൂർഛിക്കുന്നു.

ഭക്ഷണത്തോടുള്ള വിരക്തി ശരീരം ദുർബലമാക്കുന്നു. ഇൻഫ്ലുവൻസ എ, ബി വൈറസുകളെയും ഇതിലെ വകഭേദങ്ങളെയും യഥാസമയം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കഴിയുന്ന നൂതന ഉപകരണങ്ങൾ യുഎഇയിലുണ്ട്.

ഏതിനം വൈറസാണെന്നും മറ്റും 13 മിനിറ്റിനകം മനസിലാക്കാം. 5 മിനിറ്റ് കൂടി കാത്തിരുന്നാൽ വിശദമായ റിപ്പോർട്ട് കിട്ടും. ∙ കടുത്ത ജലദോഷമോ പനിയോ മറ്റു രോഗങ്ങളോ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കുക. രോഗമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്.

പലരോഗങ്ങളും ചുമയിലൂടെയും സംസാരത്തിലൂടെയുമാണ് പകരുക. ∙ രോഗമുള്ളപ്പോൾ പൂർണവിശ്രമമാണു സുരക്ഷിതം. രോഗം കുറഞ്ഞുവരുമ്പോഴേക്കും വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം. ∙

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും സാലഡുകളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. ശുദ്ധവെള്ളം, ശുദ്ധവായു എന്നിവയും ഉറപ്പാക്കണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/83/similar-to-covid-do-not-waste-the-flu-vaccine)