---
title: "മഴ കനത്താൽ ജീവനക്കാരെ ജോലി സ്ഥലത്ത് എത്താൻ നിർബന്ധിക്കരുതെന്ന് സൗദി തൊഴിൽ വകുപ്പ്"
english_title: "Saudi Department of Labor not to force employees to reach the workplace if it rains heavily"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85312/saudi-department-of-labor-not-to-force-employees-to-reach-the-workplace-if-it-rains-heavily"
published_at: "2022-12-15T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639a9e9cd47b8_rain.jpg"
keywords: []
---

# മഴ കനത്താൽ ജീവനക്കാരെ ജോലി സ്ഥലത്ത് എത്താൻ നിർബന്ധിക്കരുതെന്ന് സൗദി തൊഴിൽ വകുപ്പ്

> **Lead Summary:** **റിയാദ് : **കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ മറ്റു സർക്കാർ വകുപ്പുകളോ മുന്നറിയിപ്പ് നൽകുമ്പോൾ തൊഴിൽ സ്ഥലങ്ങളിൽ ഹാജരാകാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

## Article Content

**റിയാദ് : **കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ മറ്റു സർക്കാർ വകുപ്പുകളോ മുന്നറിയിപ്പ് നൽകുമ്പോൾ തൊഴിൽ സ്ഥലങ്ങളിൽ ഹാജരാകാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

ജീവനക്കാരുടെ സുരക്ഷ അപകടത്തിലാവുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവരെ വീട്ടിലിരുന്ന് ജോലി ചെയ്യിക്കാമെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്ക് അയച്ച സർക്കുലറിൽ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം കാരണം ജീവനക്കാർ വൈകി എത്തുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്താൽ നിശ്ചിത സമയം അവരെ കൊണ്ട് പകരം ജോലി ചെയ്യിക്കാവുന്നതാണ്. രാജ്യത്തെ ചില പ്രവിശ്യകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിക്കാറുണ്ട്.

ഈ സമയത്ത് തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽപരവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ തൊഴിൽ നിയമം അനുശാസിക്കുന്നുണ്ട്. ഒരിക്കലും ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കരുതെന്ന് സാമൂഹിക വികസന മന്ത്രാലയം മന്ത്രാലയം ഓർമിപ്പിച്ചു.

കഴിഞ്ഞ ദിവസം ജിദ്ദയിലടക്കം ഏതാനും പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രസ്‍താവന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85312/saudi-department-of-labor-not-to-force-employees-to-reach-the-workplace-if-it-rains-heavily)