---
title: "'കേളി'യുടെ സഹായം ;താമസസ്ഥലത്ത് വീണ് പരിക്കേറ്റ പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു "
english_title: "'Keli''s help: An expatriate Malayali who was injured after falling at his residence was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85992/kelis-help-an-expatriate-malayali-who-was-injured-after-falling-at-his-residence-was-brought-home"
published_at: "2022-12-18T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f40a6e1cd6_KELI_RIYAD.jpg"
keywords: []
---

# 'കേളി'യുടെ സഹായം ;താമസസ്ഥലത്ത് വീണ് പരിക്കേറ്റ പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു 

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ താമസസ്ഥലത്ത് വീണ് പരിക്കേറ്റ കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുള്ളയെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. കഴിഞ്ഞ 26 വർഷത്തോളമായി റിയാദിന് സമീപം ദവാദ്മിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്ന അബ്ദുള്ള താമസ സ്ഥലത്ത് കാൽ വഴുതി വീഴുകയായിരുന്നു.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ താമസസ്ഥലത്ത് വീണ് പരിക്കേറ്റ കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുള്ളയെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. കഴിഞ്ഞ 26 വർഷത്തോളമായി റിയാദിന് സമീപം ദവാദ്മിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്ന അബ്ദുള്ള താമസ സ്ഥലത്ത് കാൽ വഴുതി വീഴുകയായിരുന്നു.

വീഴ്ചയിൽ സാരമായി പരിക്കേറ്റ അബ്ദുള്ളയെ സുഹൃത്തുക്കൾ ഉടൻതന്നെ ദവാദ്മി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തിയിരുന്നു. പരിക്ക് പൂർണ്ണമായും സുഖപ്പെടാൻ നിർദ്ദേശിക്കപ്പെട്ട ശസ്ത്രക്രിയക്ക് ഭാരിച്ച തുക ആവശ്യമായതിനാൽ തുടർ ചികിത്സയ്ക്ക് നാട്ടിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ നാട്ടിൽ പോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ അബ്ദുള്ളയുടെ സുഹൃത്തുക്കൾ കേളിയുടെ സഹായം അഭ്യർത്ഥിക്കുകയായിരിക്കുന്നു. കേളി കലാസാംസ്കാരിക വേദി ദവാദ്മി യൂണിറ്റ് പ്രവർത്തകരാണ് അബ്ദുള്ളക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ചികിത്സയ്ക്കായി സാമ്പത്തിക സഹായവും ഏർപ്പാടാക്കിയത്.

വിദഗ്ധ ചികിത്സക്കായി വീൽചെയർ സഹായത്തോടെ സൗദി എയർലൈൻസ് വിമാനത്തിൽ കഴിഞ്ഞ ദിവസമാണ് അബ്ദുള്ള നാട്ടിലേക്ക് തിരിച്ചത്. കൊച്ചിയിലേക്കുള്ള യാത്രയിൽ ഭാര്യയും മകനും അബ്ദുള്ളയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85992/kelis-help-an-expatriate-malayali-who-was-injured-after-falling-at-his-residence-was-brought-home)