---
title: "സൗദിയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തം; ഒരാഴ്ചക്കിടെ 14,821 വിദേശികള്‍ പിടിയില്‍"
english_title: "Inspections to find law breakers are strong in Saudi; 14,821 foreigners arrested in one week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86026/inspections-to-find-law-breakers-are-strong-in-saudi-14821-foreigners-arrested-in-one-week"
published_at: "2022-12-19T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639feaca8c2e6_saudi.jpg"
keywords: []
---

# സൗദിയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തം; ഒരാഴ്ചക്കിടെ 14,821 വിദേശികള്‍ പിടിയില്‍

> **Lead Summary:** **റിയാദ് : **സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,000ത്തിലേറെ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**റിയാദ് : **സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,000ത്തിലേറെ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ മാസം എട്ടു മുതൽ 14 വരെയുള്ള ദിവസങ്ങളിൽ 8,817 ഇഖാമ നിയമ ലംഘകരും 3,879 നുഴഞ്ഞുകയറ്റക്കാരും 2,125 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 14,821 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 676 പേരും അറസ്റ്റിലായി.

ഇക്കൂട്ടത്തിൽ 58 ശതമാനം പേർ യെമനികളും 39 ശതമാനം പേർ എത്യോപ്യക്കാരും മൂന്ന് ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 98 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 24 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിലവില്‍ 45,197 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്.

ഇവരില്‍ 43,099 പേര്‍ പുരുഷന്‍മാരും 2,098 പേര്‍ സ്ത്രീകളുമാണ്. 34,755 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു.

സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 2,355 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 11,305 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86026/inspections-to-find-law-breakers-are-strong-in-saudi-14821-foreigners-arrested-in-one-week)