ദുബായ് : യു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും. ഡിസംബർ ഒന്ന് മുതൽ നാല് വരെയുള്ള ദിവസങ്ങളാണ് ആഘോഷത്തിനായി ലഭിക്കുക.
സുവർണ ജൂബിലി വർഷത്തെ ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം ദേശീയ അടിയന്തര ദുരന്തനിവാരണ സമിതി (എൻ.സി.ഇ.എം.എ) പുറത്തിറക്കിയിട്ടുണ്ട്.
വാക്സിനേഷൻ പൂർത്തിയാക്കുകയോ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ളവർക്കുമാണ് ആഘോഷ പരിപാടികളിൽ പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവർ 96 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റിവ് ഫലം ഹാജരാക്കണമെന്നും പരിപാടിയിൽ പ്രവേശിക്കുന്നതിനുമുമ്പ് താപനില പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പരിപാടികൾ ഒരുക്കുന്ന വേദികളിൽ 80 ശതമാനം ശേഷിയോടെ ആളുകളെ പ്രവേശിപ്പിക്കാം. എന്നാൽ, പങ്കെടുക്കുന്നവർ എല്ലാവരും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ചിരിക്കാൻ അനുവാദമുണ്ടാകും. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Four days off in connection with the National Day celebrations